
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അവസാനവട്ട സ്വർണ പരിശോധന ഇന്ന് സന്നിധാനത്ത് നടക്കും.
പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങും. ഇത്തവണ പ്രഭാമണ്ഡലം അടക്കം ഇളക്കിയാണ് സാമ്പിള്‍ ശേഖരണം.
കട്ടളപ്പാളിയുടെ മുകള്‍ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ഭാഗമാണ് പ്രഭാമണ്ഡലം. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് നടപടി. കട്ടളപ്പാളിയുടെ താഴ്ഭാഗവും ഇളക്കി സാമ്പിള്‍ ശേഖരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയില്‍ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.
കട്ടിളപ്പാളികള്‍ക്ക് മുകളില്‍ ശിവരൂപവും വ്യാളീ രൂപവുമടങ്ങുന്ന പ്രഭാമണ്ഡലത്തിലെ സ്വർണവും ദ്വാരപാലക ശില്‍പ്പങ്ങളോടൊപ്പം വേർത്തിരിച്ചെടുത്തെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.
കട്ടിളപ്പാളികളില്‍ ഘടിപ്പിച്ച ദശാവതാരങ്ങള്‍ ആലേഖനം ചെയ്ത രണ്ട് പാളികള്‍, രാശി ചിഹ്നം ആലേഖനം ചെയ്ത രണ്ട് പാളികള്‍, കട്ടിളപ്പടിക്ക് മുകളിലെ പ്രഭാമണ്ഡല പാളികള്‍ എന്നിവയടക്കം 7 പാളികളികളില്‍ നിന്നാണ് സ്വർണം കവർന്നത്. മറ്റ് പാളികളോടൊപ്പം ചെന്നൈ സ്മാർട് ക്രിയേഷനില്‍ എത്തിച്ചാണ് ഈ സ്വർണവും വേർതിരിച്ചതെന്നും ഇത് കണ്ടെത്തേണ്ടതുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കുന്നു.
ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധന ഫലം നിർണായകമാകും. നേരത്തെ ദ്വാരപാലക ശില്പങ്ങള്‍, കട്ടിള പാളികള്‍ എന്നിവയില്‍ നിന്ന് വലിയ ഭാഗങ്ങള്‍ മുറിച്ചെടുത്ത് ജംഷദ്പൂരിലെ ലാബിലേക്ക് അയച്ചിരുന്നു. കേസില്‍ കുറ്റപത്രം സമർപ്പിക്കുന്നതില്‍ ഏറ്റവും നിർണായകമാണ് ഈ പരിശോധനാ ഫലങ്ങള്‍.







