
ചികിത്സയിലിരുന്ന രോഗിയെ കാണാതായതായി പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. ഒന്നാം വാർഡിൽ ചികിത്സയിലായിരുന്ന 60 വയസുകാരനെയാണ് കാണാതായത്. കൊല്ലം ഇടമൺ പുലരി, അനൂർ പുത്തൻ വീട്ടിൽ കുഞ്ഞുകൃഷ്ണനെയാണ് ആശുപത്രിയിൽ നിന്നും കാണാതായത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് മെഡിക്കൽ കോളേജ് ഒന്നാം വാർഡിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. രണ്ട് ദിവസം മുൻപ് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഇദ്ദേഹത്തെ വാർഡിൽ നിന്നും കാണാതായത്.
നിലവിൽ കാണാതായ കുഞ്ഞുകൃഷ്ണന്റെ മകൻ സുനിൽ കൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. എന്നാൽ രണ്ട് ദിവസമായിട്ടും രോഗിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കേരള പോലീസ് ആക്ട് 57ആം വകുപ്പ് പ്രകാരം 0950/2026 നമ്പറിലായാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മെഡിക്കൽ കോളേജ് എസ്ഐ (ഗ്രേഡ്) അനിൽകുമാർ എസിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്.






