
ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാർ സംവിധാനങ്ങൾ തകർക്കും ഖാർഗ് ദ്വീപ് അടക്കമുള്ള ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്നും വെനിസ്വേലയെപ്പോലെ, അവരുടെ എണ്ണ, വാതക വിപണികളുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുമെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ തുടക്കം മുതൽ ഇറാന്റെ തീരത്ത് ഒരു പ്രധാന എണ്ണ ടെർമിനൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് ട്രംപ് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
പശ്ചിമേഷ്യയിൽ സമാധാന സാധ്യതകൾ അവസാനിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇറാനെതിരെ അമേരിക്ക ആക്രമണം നടത്തിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് ഇറാന്റെ വിവിധ ഇടങ്ങളിൽ അമേരിക്ക ഇന്ന് ആക്രമണം നടത്തിയത്. ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിലെ പെട്രോകെമിക്കൽ പ്ലാന്റിന് നേരെയായിരുന്നു അമേരിക്കയുടെ ആക്രമണം. അമേരിക്കൻ സൈനിക ഹെലികോപ്റ്റർ തകർക്കപ്പെട്ടതിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്നും ആവശ്യമെങ്കിൽ ബോംബുകൾ ഉപയോഗിച്ചായിരിക്കും തങ്ങൾ ചർച്ചകൾ നടത്തുകയെന്നും അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി.






