
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് (എസ്.എം.സി.എ ) യുടെ 31-ാമത് ഭരണസമിതിയുടെ പ്രസിഡന്റായി സുനിൽ തോമസ് തൊടുകയിലും, ജനറൽ സെക്രട്ടറിയായി ടോമി സിറിയക് കണിച്ചുകാട്ടിലും, ട്രഷററായി ജോസ് മത്തായി പൊക്കാലിപടവിലിലും തിരഞ്ഞെടുത്തു.
ഇവരുടെ നേതൃത്വത്തിലുള്ള 35 അംഗ ഭരണസമിതി, ചീഫ് ഇലക്ഷൻ കമ്മീഷണർ ജോർജ് ജോസഫ് വാക്യത്തിനാലിന്റെ സാന്നിധ്യത്തിൽ ചേർന്ന പൊതുയോഗത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി ചുമതലയേറ്റു.
കേന്ദ്ര, ഏരിയ, സോണൽ തലങ്ങളിലുള്ള പ്രതിനിധികളെ ഉൾക്കൊള്ളുന്നതാണ് പുതിയ ഭരണസമിതി. 1995 മുതൽ കുവൈറ്റിലെ വിവിധ പ്രദേശങ്ങളിലായി പ്രവർത്തിച്ചു വരുന്ന എസ്.എം.സി.എ., ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും 3000-ത്തിലധികം കുടുംബ അംഗത്വവും, പ്രാഥമിക അംഗങ്ങൾ ഉൾപ്പെടെ 25000 ത്തോളം അംഗങ്ങൾ ഉൾപ്പെടുന്നതുമായ സീറോ മലബാർ സഭയുടെ കുവൈറ്റിലെ ഔദ്യോഗിക സംഘടനയുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമൂഹിക, സാംസ്കാരിക, ആത്മീയ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് വരുന്ന സംഘടനയാണ് എസ്.എം.സി.എ കുവൈറ്റ്.
സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പ്രസിഡൻറ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവർക്കു പുറമേ വൈസ് പ്രസിഡൻറ്, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറർ, കൾച്ചറൽ കമ്മിറ്റി, ആർട്സ് ആൻഡ് സ്പോർട്സ് കമ്മിറ്റി, സോഷ്യൽ വെൽഫെയർ കമ്മിറ്റി, മീഡിയ കമ്മിറ്റി, ബാലദീപ്തി, വനിതാ വിഭാഗം, യുവജന വിഭാഗം,എ.കെ.സി.സി തുടങ്ങിയ വിവിധ ഉപസമിതികളുടെയും കൺവീനർമാരും ചേരുന്നതാണ് സംഘടനയുടെ കേന്ദ്ര ഭരണ സമതി.
കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സമുദായ ശക്തികരണവുമായി ഒന്ന് ചേർന്ന് കരുത്തോടെ കുതിക്കാം എന്ന ആപ്തവാക്യവുമായി മുന്നോട്ടു പോകാമെന്ന് സുനിൽ തൊടുക തന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ സൂചിപ്പിച്ചു.







