Spread the love

​കോട്ടയം: കോട്ടയം പനച്ചിക്കാട് പഞ്ചായത്ത് 22-ാം വാർഡിൽ ഉൾപ്പെടുന്ന പൂവന്തുരുത്ത് സെമിത്തേരി പരിസരത്ത് സാമൂഹിക വിരുദ്ധരുടെയും ലഹരി-മോഷണ സംഘങ്ങളുടെയും വിളയാട്ടം അതിരൂക്ഷമാകുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയുയർത്തുന്ന വിധത്തിൽ ക്രമസമാധാന നില തകർന്ന നിലയിലാണ് ഈ ജനവാസ മേഖല. പോലീസിന്റെ അടിയന്തര ശ്രദ്ധയും ശക്തമായ നടപടിയും ഈ വിഷയത്തിൽ ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

video
play-sharp-fill

​പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ മദ്യ-മയക്കുമരുന്ന് മാഫിയകളുടെ പ്രധാന താവളമായി ഈ സെമിത്തേരി പരിസരം മാറിയിരിക്കുകയാണ്. ലഹരി തലയ്ക്കുപിടിച്ച സംഘങ്ങൾ പ്രദേശത്തെ വീട്ടുപടിക്കൽ വന്ന് അസഭ്യവർഷം നടത്തുന്നത് ഇവിടെ പതിവുകാഴ്ചയാണ്. ഇതിനെതിരെ ശബ്ദമുയർത്തുന്നവരെ ഭീഷണിപ്പെടുത്താനും ഇവർ മടിക്കുന്നില്ല. വഴിനടന്നുപോകുന്ന സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള അധിക്ഷേപങ്ങളും അതിക്രമങ്ങളും വർദ്ധിച്ചതോടെ, സന്ധ്യ കഴിഞ്ഞാൽ ഭയമില്ലാതെ പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ജനങ്ങൾ.

ലഹരിസംഘങ്ങളുടെ അഴിഞ്ഞാട്ടത്തിന് പുറമേ, പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ച് മോഷണശല്യവും ക്രമാതീതമായി വർദ്ധിച്ചുവരികയാണ്. ജനങ്ങൾ കടുത്ത ഭീതിയിലും അരക്ഷിതാവസ്ഥയിലുമാണ് കഴിയുന്നത്. ഈ വിഷയത്തിൽ ഇതിനകം തന്നെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

പ്രദേശത്ത് ക്രമസമാധാനം വീണ്ടെടുക്കുന്നതിനായി രാത്രികാലങ്ങളിൽ ശക്തമായ പോലീസ് പട്രോളിംഗ് അടിയന്തിരമായി ഏർപ്പെടുത്തണമെന്നും, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കി സാമൂഹിക വിരുദ്ധർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.