Spread the love

കൊച്ചി: അന്തരിച്ച നടൻ സലിംകുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ പറവൂർ ടൗൺഹാളിലെത്തി. പൊതുദർശനത്തിന് വച്ചിരുന്ന സലിംകുമാറിന്റെ ഭൗതികശരീരത്തിന് മുന്നിൽ ആദരാഞ്ജലി അർപ്പിച്ച അദ്ദേഹം, കുടുംബാംഗങ്ങളെയും മക്കളെയും ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. സലിംകുമാറുമായി വർഷങ്ങളായുള്ള ആത്മബന്ധം പങ്കുവെച്ച സതീശൻ, തന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളിലെല്ലാം സലിംകുമാർ സജീവ സാന്നിധ്യമായിരുന്നുവെന്ന് അനുസ്മരിച്ചു.

video
play-sharp-fill

ഉറച്ച രാഷ്ട്രീയ ബോധവും കോൺഗ്രസ് ആശയങ്ങളോടുള്ള അടുപ്പവും പുലർത്തിയ വ്യക്തിയായിരുന്നു സലിംകുമാറെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ എല്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളും ഉദ്ഘാടനം ചെയ്തത് സലിംകുമാറായിരുന്നുവെന്നും, ഏത് സംഘർഷഭരിതമായ സാഹചര്യവും നർമ്മത്തിലൂടെ സാധാരണ നിലയിലാക്കാനുള്ള അപൂർവ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും സതീശൻ ഓർമിച്ചു. ഹാസ്യനടൻ എന്ന പരിധിക്കപ്പുറം മികച്ച നടനെന്ന നിലയിൽ ‘ആദാമിന്റെ മകൻ അബു’യിലൂടെ അദ്ദേഹം തെളിഞ്ഞുവെന്നും, മലയാളികളുടെ വീടുകളിൽ സന്തോഷം നിറച്ച മുഖമായിരുന്നു സലിംകുമാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാവിലെ അമൃത ആശുപത്രിയിൽ നിന്ന് സലിംകുമാറിന്റെ ഭൗതികശരീരം പറവൂർ ടൗൺഹാളിലേക്ക് എത്തിച്ചതോടെ പൊതുദർശനം ആരംഭിച്ചു. സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖരും നൂറുകണക്കിന് ആരാധകരും അവസാന അഞ്ജലി അർപ്പിക്കാൻ എത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ ജയറാം, രമേശ് പിഷാരടി, നവ്യ നായർ എന്നിവരും അന്ത്യോപചാരം അർപ്പിച്ചു. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള സിനിമാ മേഖലയിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. പൊതുദർശനത്തിന് ശേഷം ഭൗതികശരീരം വീട്ടിലേക്ക് കൊണ്ടുപോകുകയും വൈകുന്നേരം കുടുംബവളപ്പിൽ സംസ്കാരം നടത്തുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group