Spread the love

കല്‍പ്പറ്റ: വയനാട് കോളിയാടി മാർ ബസേലിയോസ് എ യു പി സ്‌കൂളില്‍ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ടി സിദ്ദിഖ്.

video
play-sharp-fill

വിഷയത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാരുമായി സംസാരിച്ചുവെന്നും ഡി എം ഒയോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ ആശുപത്രികളില്‍ ഡോക്ടർമാരുടെ അഭാവമോ മറ്റ് ചികിത്സാ പ്രശ്നങ്ങളോ ഇല്ല.

ഭക്ഷ്യവിഷബാധയുടെ യഥാർത്ഥ കാരണം കണ്ടെത്താൻ നിർദേശം നല്‍കിയിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം പരിശോധനാ ഫലം വരുമെന്നും മന്ത്രി അറിയിച്ചു. അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള പാളിച്ചകള്‍ കണ്ടെത്തിയാല്‍ കർശന നടപടിയുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂളിലെ 211 വിദ്യാർത്ഥികളാണ് പനിയും ഛർദ്ദിയും ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇതില്‍ 121 കുട്ടികള്‍ക്ക് അസുഖം റിപ്പോർട്ട് ചെയ്യപ്പെടുകയും 73 കുട്ടികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡി എം ഒ അറിയിച്ചിട്ടുള്ളത്. കുട്ടികള്‍ കഴിച്ച ഭക്ഷണത്തിന്റെയും കുടിച്ച വെള്ളത്തിന്റെയും സാമ്പിളുകള്‍ ഇതിനകം തന്നെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. വെള്ളത്തിലൂടെ പകർന്ന ബാക്ടീരിയല്‍ അണുബാധയാണ് രോഗകാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.