Spread the love

ബെംഗളൂരുവിൽ നിന്നും മുംബൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് സർവീസ് വൈകിയതായി റിപ്പോർട്ട്. ഇൻഡിഗോയുടെ 6E 6283 എന്ന ഫ്ലൈറ്റാണ് പക്ഷി ഇടിച്ചതിനെ തുടർന്ന് അടിയന്തിരമായി ബെംഗളൂരു വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. പിന്നീട് പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെയാണ് അപകടം നടന്നതെങ്കിലും ഇന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ ഇക്കാര്യം പുറത്തുവിട്ടത്. വെള്ളിയാഴ്ച ബെംഗളൂരു വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനത്തിൽ പക്ഷി ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പൈലറ്റ് ജാഗ്രത പാലിക്കുകയും മുൻകരുതൽ നടപടിയെന്നോണം വിമാനം സുരക്ഷിതമായി തിരികെ റൺവേയിൽ ഇറക്കുകയും ചെയ്തു.

video
play-sharp-fill

തുടർന്ന് എൻജിനീയർമാർ എത്തി വിമാനത്തിന് എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാറുകളോ കേടുപാടുകളോ സംഭവിച്ചിട്ടുണ്ടോ എന്ന് വിശദമായി പരിശോധിച്ചു. പരിശോധനകൾ പൂർത്തിയാക്കി വിമാനത്തിന് പറക്കാനുള്ള അനുമതി നൽകി. പരിശോധനയിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയതിനെ തുടർന്ന് ഒരു മണിക്കൂറിലധികം വൈകിയാണ് വിമാനം മുംബൈയിലേക്കുള്ള യാത്ര പുനരാരംഭിച്ചത്. അപകടത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.