Spread the love

എറണാകുളം: എറണാകുളം മലയിടംതുരുത്ത് ഭൂമി തർക്കത്തില്‍ വീണ്ടും ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് സ്ഥലവും വീടും നല്‍കാമെന്ന ഫോർമുല മാത്രമാണ് മുന്നിലുള്ളതെന്നാണ് സർക്കാർ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇക്കാര്യം കുടിയൊഴുപ്പിക്കപ്പെടുന്നവരെ അറിയിക്കും. കുടിയൊഴിപ്പക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഉള്ളതിനാല്‍ ഒഴിപ്പിക്കല്‍ അല്ലാതെ മറ്റ് മാർഗങ്ങള്‍ മുന്നിലില്ലെന്ന് ദളിത് കുടുംബങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമം. രണ്ടുദിവസത്തിനകം ചർച്ച നടത്തും. താമസിക്കുന്ന സ്ഥലത്ത് നിന്ന് ഇറങ്ങില്ലെന്ന് ദളിത് കുടുംബങ്ങള്‍ നിലപാട് എടുത്തിരുന്നു.

video
play-sharp-fill

ഭരണത്തിലേറി മണിക്കൂറുകള്‍ക്കകം സർക്കാരിന് മുന്നില്‍ വെല്ലുവിളിയായ മലയിടംതുരുത്തില്‍ പ്രശ്ന പരിഹാരത്തിന് രണ്ടാഴ്ചയുടെ സാവകാശമാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത്. മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലില്‍ വിധി നടപ്പാക്കുകയല്ലാതെ സംസ്ഥാന സര്‍ക്കാരിന് മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ആലുവ റൂറല്‍ എസ് പി യുടെ ഹർജി പരിഗണിച്ച കോടതി പ്രശ്നം പരിഹരിക്കാൻ സർക്കാരിന് രണ്ടാഴ്ചയാണ് സാവകാശം നല്‍കിയത്. കോടതി ഉത്തരവ് നടപ്പാക്കിയാല്‍ കുടുംബങ്ങള്‍ക്ക് പുനരധിവാസം ഒരുക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ഉറപ്പ് നല്‍കി.

15ആം തവണ കുടിയൊഴിപ്പിക്കലിനിടെ നടന്ന പൊലീസ് നടപടി എല്‍ഡിഎഫ് രാഷ്ട്രീയ ആയുധമാക്കുമ്പോഴാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കുന്നത്. 8 കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമിയുടെ രേഖകളടക്കം പരിശോധിച്ച പെരുമ്പാവൂർ മുൻസിഫ് കോടതി മുതല്‍ സുപ്രീംകോടതി വരെ കുടിയൊഴിപ്പിക്കല്‍ ശരിവെച്ചതാണ്. സാങ്കേതിക പറയാതെ വിധി അനുസരിക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി സിംഗില്‍ ബെഞ്ച് പറഞ്ഞു. കോടതി വിധിയുടെ ശക്തിയെ ഇല്ലാതാക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ താമസക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും നിരീക്ഷിച്ചു. കോടതി നിരീക്ഷണത്തിന് പിന്നാലെ ഉത്തരവ് നടപ്പാക്കിയാല്‍ കുടുംബങ്ങള്‍ വഴിയാധാരമാകില്ലെന്നും സർക്കാർ അവരെ പുനരധിവസിപ്പിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നാല്‍, പുനരധിവാസമല്ല, താമസിക്കുന്ന അതേ സ്ഥലത്ത് തുടരാനാകണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group