Spread the love

തിരുവനന്തപുരം: നിയമസഭയില്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ പ്രതിരോധത്തിലാക്കിയ ജി. സുധാകരന്റെ പ്രസംഗത്തിന് പിന്നാലെ യു.ഡി.എഫ് ക്യാമ്പുകളില്‍ കടുത്ത അമർഷവും പ്രതിഷേധവും പുകയുന്നു.
സഭയില്‍ താൻ ഒരു ‘സ്വതന്ത്ര എം.എല്‍.എ’ ആണെന്ന സുധാകരന്റെ പ്രഖ്യാപനമാണ് യു.ഡി.എഫ് കേന്ദ്രങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്.

video
play-sharp-fill

അഹോരാത്രം പണിയെടുത്തും ചോരനീരാക്കിയും യു.ഡി.എഫ് പ്രവർത്തകർ വോട്ട് ചെയ്ത് വിജയിപ്പിച്ച ആളാണ് ജി. സുധാകരൻ. എന്നിട്ടിപ്പോള്‍ താൻ ഒരു ‘സ്വതന്ത്രനായ ജനകീയ എം.എല്‍.എ’ ആണെന്ന് അദ്ദേഹം സഭയില്‍ പ്രഖ്യാപിക്കുന്നത് വോട്ടർമാരെയും മുന്നണി പ്രവർത്തകരെയും പരസ്യമായി അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നാണ് യു.ഡി.എഫ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
കഠിനാധ്വാനം ചെയ്ത് വിജയിപ്പിച്ച ജനപ്രതിനിധിയില്‍ നിന്ന് ഇത്തരം ഒരു നിലപാട് പ്രതീക്ഷിച്ചില്ലെന്നും യു.ഡി.എഫ് കേന്ദ്രങ്ങളില്‍ നിന്ന് കടുത്ത അമർഷം ഉയരുന്നുണ്ട്
ഈ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതുറന്ന ജി. സുധാകരന്റെ നിയമസഭാ പ്രസംഗത്തിലെ പ്രധാന വിവരങ്ങള്‍ ഇങ്ങനെ…

‘കൈയടിക്ക് വേണ്ടിയല്ല, ഞാൻ സ്വതന്ത്രൻ’….സഭയില്‍ തന്റെ പ്രസംഗത്തെ അനുകൂലിച്ച്‌ കൈയടിച്ച ഭരണപക്ഷത്തോട്, താൻ ഒരു സ്വതന്ത്ര എം.എല്‍.എ ആണെന്ന് ഓർമ്മിപ്പിച്ചാണ് സുധാകരൻ വിസ്മയം തീർത്തത്. സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച്‌ ധവളപത്രം ഇറക്കണമെന്നും യഥാർത്ഥ വിവരങ്ങള്‍ ജനങ്ങള്‍ അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജി. സുധാകരനെ പ്രസംഗത്തിന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിളിച്ചതിന് പിന്നാലെ പ്രതിപക്ഷം പോയിന്റ് ഓഫ് ഓർഡറിനായി ആവശ്യം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് സുധാകരന് മൂന്ന് തവണ എഴുന്നേല്‍ക്കുകയും ഇരിക്കേണ്ടതായും വന്നു. പ്രതിപക്ഷത്തിന്റെ ഈ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ‘ഇതേത് വകുപ്പ് പ്രകാരമാണ്’ എന്ന് സുധാകരൻ ചോദിച്ചു.
ഈ ചോദ്യം ഉയർന്നതോടെ ഭരണപക്ഷത്ത് നിന്ന് വലിയ രീതിയില്‍ കൈയടി ഉയർന്നു. ഇതോടെയാണ് സുധാകരൻ, “കൈകൊട്ടലിന് വേണ്ടി പറയുകയല്ല. ഞാൻ സ്വതന്ത്രനായ ജനകീയ എം.എല്‍.എ ആണ്” എന്ന് ഭരണപക്ഷത്തിന് മറുപടി നല്‍കിയത്.

കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ‘മഞ്ഞക്കുറ്റി’ വിവാദത്തിലും സ്വന്തം മുന്നണിക്കെതിരെ സുധാകരൻ കടുത്ത വിമർശനം ഉന്നയിച്ചു. മഞ്ഞക്കുറ്റിയില്‍ ഒരടി മുന്നോട്ട് വെച്ചതുകൊണ്ടാണ് ഇപ്പോള്‍ രണ്ടടി പുറകോട്ട് വെക്കേണ്ടി വന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
ലെനിന്റെ ‘അടവുനയം’ സി.പി.എം മനസ്സിലാക്കിയിരുന്നെങ്കില്‍ ആ മഞ്ഞക്കുറ്റി അപ്പോള്‍ തന്നെ അവർ ഊരുമായിരുന്നുവെന്നും, ഇപ്പോള്‍ നാട്ടുകാർ തന്നെ അത് ഊരി മാറ്റിയ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ആലോചിക്കാതെ കാണിച്ച വേണ്ടാതീനമായിരുന്നു അതെന്നും, സജി ചെറിയാന്റെ നാട്ടില്‍ അടുക്കളയില്‍ വരെ മഞ്ഞക്കുറ്റി കൊണ്ടിട്ട കാര്യം ഓർമ്മിപ്പിച്ച സുധാകരൻ, ഇതിന്റെ തിരിച്ചടി അന്നേ താൻ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും കൂട്ടിച്ചേർത്തു.

കേരളത്തിലെ സാംസ്കാരിക നായകന്മാർക്കെതിരെയും ബുദ്ധിജീവികള്‍ക്കെതിരെയും രൂക്ഷമായ ഭാഷയിലാണ് സുധാകരൻ പ്രസംഗിച്ചത്. കേരളത്തിലെ ബുദ്ധിജീവികളില്‍ ഭൂരിപക്ഷവും രാഷ്ട്രീയ പാർട്ടികളുടെ കാലുനക്കികളാണെന്നും എന്തെങ്കിലും കാര്യം സാധിച്ചെടുക്കാൻ വേണ്ടി നടക്കുന്നവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഞ്ചാവും ചരസും പോലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിച്ച്‌ യുവജനങ്ങളില്‍ ഒരു വലിയ വിഭാഗം നശിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും യു.ഡി.എഫ് അണികളെയും വോട്ടർമാരെയും തള്ളിക്കൊണ്ടുള്ള സുധാകരന്റെ ഈ പുതിയ ‘സ്വതന്ത്ര’ പ്രഖ്യാപനം വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വഴിതുറക്കുമെന്നുറപ്പാണ്.