
ഷാർജ: യു.എ.ഇയിലെ ഷാർജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. തൃശൂർ സ്വദേശി ഇസ്മായില്‍ പൊന്നാരം ഇബ്രാഹിംകുട്ടി ആണ് ദാരുണമായി കൊല്ലപ്പെട്ടത്
ഷാർജയിലെ തിരക്കേറിയ ജനവാസ മേഖലയായ അല്‍ നഹ്ദയിലാണ് പ്രവാസലോകത്തെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ടോക്കിലൂടെ (TikTok) ഇരുവരും പരസ്പരം നടത്തിയ കടുത്ത വെല്ലുവിളികള്‍ക്കും തർക്കങ്ങള്‍ക്കും ഒടുവിലാണ് കൊലപാതകം നടന്നത്.
കൃത്യം നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയും ഒരു മലയാളി യുവാവാണെന്നാണ് ഉന്നത പോലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. പ്രതിക്കായി ഷാർജ പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകം നടക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളില്‍ ഇരുവരും ടിക്ടോക്ക് ലൈവിലും അല്ലാതെയും പരസ്പരം വ്യക്തിപരമായി ആക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ തർക്കത്തിന്റെ തുടർച്ചയായി അല്‍ നഹ്ദയിലെ താമസസ്ഥലത്തിന് സമീപം വെച്ച് ഇരുവരും നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു. വാക്കുതർക്കത്തിനിടയില്‍ പ്രതി കൈയ്യില്‍ കരുതിയിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഇസ്മായിലിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പര്യക്കേറ്റ ഇസ്മായിലിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗള്‍ഫ് രാജ്യങ്ങളിലെ കർശനമായ നിയമസംവിധാനങ്ങള്‍ നിലനില്‍ക്കെ, സോഷ്യല്‍ മീഡിയയിലെ തർക്കങ്ങള്‍ കൊലപാതകത്തില്‍ കലാശിച്ചത് പ്രവാസി മലയാളി സമൂഹത്തിനിടയില്‍ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം നിലവില്‍ ഷാർജയിലെ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്







