
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം സ്ഥലമാറ്റം ആവശ്യപ്പെട്ട് തന്നെ സമീപിച്ച ബന്ധുവായ പൊലീസുകാരനോട് അതു നടക്കില്ലെന്നു പറഞ്ഞെന്ന കോണ്‍ഗ്രസ് നേതാവ് ബി.ആര്‍.എം ഷെഫീറിന്‍റെ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടിയിരുന്നു.
എന്നാല്‍ ആ വൈറല്‍ പ്രസംഗം കാരണം തന്‍റെ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടായെന്നും ഭാര്യ പിണങ്ങിയെന്നും, പക്ഷേ തന്‍റെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ബി.ആർ.എം ഷെഫീർ പറഞ്ഞു. ഒരു മാധ്യമത്തോട് സംസാരിക്കവേയാണ് ഷെഫീർ ഇക്കാര്യം പങ്കുവച്ചത്’കഴിഞ്ഞ ദിവസം വീട്ടിലിരിക്കുമ്പോള്‍ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവ് ട്രാൻസ്ഫറിന് റിക്വസ്റ്റ് ചെയ്തു. കഴിഞ്ഞ പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പ് സമയത്ത് നേതാക്കള്‍ ഇദ്ദേഹത്തിന്‍റെ വോട്ട് നമുക്ക് തരാൻ പറയണമെന്ന് പറഞ്ഞിരുന്നു.
ബന്ധുവെന്ന നിലയില്‍ ഞാൻ നേരിട്ട് വിളിച്ചു, യുഡിഎഫിന്‍റെ ആളിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞു. പക്ഷേ ചെയ്തില്ല. സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസം വീടിന്‍റെ കോലായില്‍ ഇരിക്കുമ്പോള്‍ മഴയത്ത് അയാള്‍ വന്നു. എനിക്ക് സ്ഥലം മാറ്റം വാങ്ങിത്തരണം എന്ന് പറഞ്ഞു. എനിക്ക് മനസില്ലെന്നും വേറെ ആളെ നോക്കാനും ഞാൻ പറഞ്ഞു’- എന്നായിരുന്നു ഷെഫീറിന്‍റെ പ്രതികരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ വീഡിയോ വൈറലായതോടെ ഭാര്യ പിണങ്ങിയെന്നാണ് ഷെരീഫ് പറയുന്നത്. രണ്ട് ദിവസം ഭാര്യ മിണ്ടാതിരുന്നു. പിന്നീട് പിണക്കം മാറി. ആഭ്യന്തര യോഗമെന്ന് കരുതിയാണ് കുടുംബ കാര്യം സംസാരിച്ചത്. വേദിയില്‍ മാധ്യമങ്ങളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. യഥാർത്ഥ സംഭവങ്ങളാണ് പറഞ്ഞത്. പക്ഷേ മാധ്യമങ്ങളുണ്ടായിരുന്നെങ്കില്‍ സ്വകാര്യത മാനിച്ച് പറയില്ലായിരുന്നു.
കഴിഞ്ഞ 10 വർഷമായി തിരുവനന്തപുരത്തുള്ള എത്രയോ ഉദ്യോഗസ്ഥർ കണ്ണൂരും കാസർകോടും ജോലി ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന്‍റെ കൊടി പിടിച്ചു എന്നതുകൊണ്ട് നീതി ലഭിക്കാത്തവരാണ് അവരെല്ലാം. കോണ്‍ഗ്രസിന്‍റെ കൂടെ നിന്ന പല ഉദ്യോഗസ്ഥരും നീതി ലഭിക്കാത്തവരായുണ്ട്. അവർക്ക് നീതികിട്ടണമെന്നാണ് തന്‍റെ നിലപാടെന്നും ഷെഫീർ പറയുന്നു. ബന്ധുക്കള്‍ക്കും സ്വന്തക്കാർക്കും സ്ഥലമാറ്റം കൊടുക്കേണ്ട സമയം ഇതല്ല. എല്ലാ കാലത്തും നിലപാട് ഉയർത്തി പിടിക്കുന്ന ആളാണ് താൻ. ഒന്ന് പറയുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുന്ന ആളല്ലെന്നും ഷെഫീർ കൂട്ടിച്ചേർത്തു.







