
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തില്‍, നവജാത ശിശുവിന്റെ തുടർസംരക്ഷണം ആലപ്പുഴ ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) ഏറ്റെടുത്തു.
ആദ്യഘട്ടത്തില്‍ കുഞ്ഞിനെ വേണ്ടെന്ന് നിലപാടെടുത്ത പത്തൊൻപതുകാരിയായ യുവതി, ഒടുവില്‍ കുഞ്ഞിനെ വേണമെന്ന ആവശ്യം ഉന്നയിച്ച പശ്ചാത്തലത്തിലാണ് കുഞ്ഞിന്റെ താത്കാലിക തുടർസംരക്ഷണം സിഡബ്ല്യുസി അധികൃതർ ഏറ്റെടുത്തത്.
കൊല്ലാൻ ശ്രമിച്ച അമ്മയ്ക്കൊപ്പം കുഞ്ഞിനെ വിടുന്നതിന് നിലവില്‍ ചില നിയമപരവും സാങ്കേതികവുമായ തടസങ്ങളുമുണ്ട്. അതിനാല്‍ അമ്മയ്ക്കൊപ്പം കുഞ്ഞിനെ വിടാൻ പറ്റുന്ന സുരക്ഷിതമായ സാഹചര്യം നിയമപരമായി ഉണ്ടായതിനു ശേഷം മാത്രമേ കുഞ്ഞിനെ അമ്മയ്ക്ക് തിരികെ നല്‍കുകയുള്ളൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആലപ്പുഴ ജില്ലയിലെ അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രമായ ശിശു വികാസ് ഭവനിലേക്ക് കുഞ്ഞിനെ മാറ്റിയിട്ടുണ്ട്. നിലവില്‍ 29 കുട്ടികളാണ് ഇവിടെ സംരക്ഷണയിലുള്ളത്.
ചൈല്‍ഡ് ലൈൻ കൗണ്‍സിലർമാർ യുവതിയുമായി പലപ്രാവശ്യം സംസാരിച്ചിരുന്നു. ആദ്യദിവസങ്ങളില്‍ യുവതി കൗണ്‍സിലിംഗുമായി സഹകരിച്ചിരുന്നില്ലെങ്കിലും പിന്നീട് വിശദമായി സംസാരിച്ചു.
പോലീസിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമേ കുഞ്ഞിനെ അമ്മയ്ക്ക് വിട്ടുനല്‍കുകയുള്ളൂ എന്ന് സിഡബ്ല്യുസി ചെയർപേഴ്സണ്‍ അഡ്വ. ബി.ഗീത പാർഥൻ പറഞ്ഞു. ആറുമാസം വരെ കുഞ്ഞിനെ നിയമപരമായി ആവശ്യപ്പെടാൻ അമ്മയ്ക്ക് കഴിയും, അതിനാലാണ് താത്കാലിക സംരക്ഷണത്തിനായി കുഞ്ഞിനെ ഏറ്റെടുത്തിരിക്കുന്നത്.
കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതിന് യുവതിക്കെതിരെ ഹരിപ്പാട് പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. യുവതി ആശുപത്രി വിട്ടശേഷം ഇവരില്‍ നിന്നും പോലീസ് വിശദമായ മൊഴിയെടുക്കും.
വണ്ടാനം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഹരികുമാർ, ഡോ. ലതിക എന്നിവരില്‍ നിന്നാണ് സിഡബ്ല്യുസി അധികൃതർ കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ ഓഫീസർ ജിജി ജോണ്‍, ശിശുവികാസ് ഭവൻ മാനേജർ മിഥുൻ ഷാ, സോഷ്യല്‍ വർക്കർ പ്രിമ എന്നിവരും സിഡബ്ല്യുസി ചെയർപേഴ്സണൊപ്പം ഉണ്ടായിരുന്നു







