Spread the love

പാറശ്ശാല: ശസ്ത്രക്രിയയോടുള്ള ഭയം മൂലം ആശുപത്രിയുടെ ജനല്‍ച്ചില്ല് തകർത്ത് ഓടിരക്ഷപ്പെട്ട വയോധികനെ കണ്ടെത്തി.

video
play-sharp-fill

രണ്ട് കിലോമീറ്ററോളം അകലെയുള്ള ഒരു വീടിന്റെ ടെറസില്‍ ചോര വാർന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത്. പനച്ചമൂട് സ്വദേശി മാത്യു (68) ആണ് നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ പിടിയിലായത്.

പൈല്‍സ് ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ ശനിയാഴ്ചയാണ് മാത്യുവിനെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഓപ്പറേഷനെക്കുറിച്ചുള്ള ഭയം കാരണം ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഇയാള്‍ വാർഡിന്റെ ജനല്‍ച്ചില്ല് ചവിട്ടിത്തകർത്ത് പുറത്തേക്ക് ചാടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബ്ദം കേട്ട് ആശുപത്രി ജീവനക്കാർ ഓടിയെത്തിയെങ്കിലും മാത്യുവിനെ കണ്ടെത്താനായില്ല. തുടർന്ന് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പാറശ്ശാല പോലീസ് പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു.

അതിനിടെ ഞായറാഴ്ച സമീപത്തെ ഒരു ക്ഷേത്രപരിസരത്ത് രക്തക്കറ കണ്ടെത്തിയതും പരിഭ്രാന്തി പരത്തി.
തിങ്കളാഴ്ച രാവിലെ കുറുങ്കൂട്ടിക്ക് സമീപമുള്ള ഒരു വീടിന്റെ ടെറസിലേക്കുള്ള പടികളില്‍ സൂക്ഷിച്ചിരുന്ന വിറകുകള്‍ അലങ്കോലമായി കിടക്കുന്നത് കണ്ട് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മാത്യുവിനെ കണ്ടെത്തിയത്.

ജനല്‍ച്ചില്ല് തകർത്തപ്പോള്‍ ഉണ്ടായ മുറിവുകളില്‍ നിന്ന് ചോര വാർന്ന നിലയിലായിരുന്നു ഇയാള്‍. ഉടൻ തന്നെ പാറശ്ശാല പോലീസ് സ്ഥലത്തെത്തി ഇയാളെ സുരക്ഷിതമായി മാറ്റുകയും ആശുപത്രിയില്‍ നിന്ന് ചാടിപ്പോയ രോഗിയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.