Spread the love

അഹമ്മദാബാദ്: ഐപിഎല്ലില്‍ സിക്‌സറുകളുടെ പെരുമഴ തീര്‍ത്ത രാജസ്ഥാന്‍ റോയല്‍സിന്റെ അത്ഭുത ബാലന്‍ വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് ഇപ്പോഴും അടങ്ങിയിട്ടില്ല. വെറും 15 വയസ്സുള്ളപ്പോള്‍ 776 റണ്‍സോടെ ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കോര്‍ഡ് സൂര്യവംശി കുറിച്ചതോടെ, ആരാധകരുടെ മനസ്സില്‍ ഇപ്പോള്‍ ഒരൊറ്റ ചോദ്യം മാത്രമേയുള്ളൂ, വൈഭവ് സൂര്യവംശി എപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കും?

video
play-sharp-fill

ഭാവിയിലെ സൂപ്പര്‍സ്റ്റാറാണെന്ന് തെളിയിച്ച ഈ കൗമാരക്കാരനെ ഉടന്‍ തന്നെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന് ഇപ്പോള്‍ പിന്തുണയേറുകയാണ്. ഇതിനോടകം തന്നെ അണ്ടര്‍-19 ലോകകപ്പ് കിരീടം നേടുകയും ഐപിഎല്ലില്‍ പൂര്‍ണ്ണ ആധിപത്യം സ്ഥാപിക്കുകയും ചെയ്ത സൂര്യവംശി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും വ്യക്തമാക്കിയിട്ടുണ്ട്.

സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളും സൂര്യവംശിയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്. ഐപിഎല്‍ ഫൈനലിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ച്‌ മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറോട് ഈ വിഷയം ഉന്നയിക്കുകയുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗാര്‍ക്കര്‍ നല്‍കിയ മറുപടിയും ജഡേജ വെളിപ്പെടുത്തി. താരം ഉടന്‍ തന്നെ ഇന്ത്യന്‍ ടീമിലെത്തിയേക്കുമെന്ന ശക്തമായ സൂചനയാണ് അദ്ദേഹം നല്‍കിയതെന്ന് ജഡേജ വ്യക്തമാക്കി. സൂര്യവംശിയുടെ ടീം സെലക്ഷനെക്കുറിച്ച്‌ ബിസിസിഐ ഇതുവരെ കര്‍ശനമായ മൗനം പാലിക്കുകയായിരുന്നു. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍, സൂര്യവംശി മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നതെന്ന് അഗാര്‍ക്കര്‍ സമ്മതിച്ചിരുന്നു. എങ്കിലും നിലവില്‍ സീനിയര്‍ ടീമിലേക്ക് വരാന്‍ മറ്റ് പല കളിക്കാരും മുന്‍ഗണനാ ക്രമത്തില്‍ മുന്നിലുണ്ടെന്നാണ് അന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

യുവതാരങ്ങള്‍ക്ക് കൂടുതല്‍ പരിചയസമ്പത്ത് നല്‍കുന്നതിനായി സൂര്യവംശിയെ നിലവില്‍ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം അവസാനം ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിലാണ് താരം കളിക്കുക. ഇതിന് പുറമെ, അയര്‍ലന്‍ഡിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള സാധ്യത പട്ടികയിലും സൂര്യവംശിയുടെ പേര് ബിസിസിഐ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും കൗമാര വിസ്മയത്തിന്റെ ഇന്ത്യന്‍ ജേഴ്‌സിയിലേക്കുള്ള ദൂരം അധികമില്ലെന്നാണ് നിലവിലെ സൂചനകള്‍ വ്യക്തമാക്കുന്നത്.