
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നീക്കം തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം ജില്ലാസെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു.
നേരത്തെ ഹൈക്കോടതിയും സുപ്രിംകോടതിയും സിബിഐ അന്വേഷണ ആവശ്യം തള്ളിയതാണ്. കോടതിയുടെ മുകളില്ല വി ഡി സതീശനെന്ന മുഖ്യമന്ത്രി. കുടുംബം പുന:രന്വേഷണം ആവശ്യപ്പെട്ടതിനാല്‍, കോടതി നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തില്‍, ചില കാര്യങ്ങള്‍ വിജിലന്‍സിന്റെ പരിഗണനയില്‍ വന്നില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
അക്കാര്യവും അന്വേഷിക്കണമെന്ന് വിജിലന്‍സിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. അപ്രകാരം അന്വേഷണം പൂര്‍ത്തീകരിച്ച് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു എന്നുമാണ് ഇപ്പോള്‍ അറിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടയില്‍, സുപ്രിംകോടതി പോലും നിരാകരിച്ച സിബിഐ അന്വേഷണം ഏര്‍പ്പെടുത്തുന്നത് തികച്ചും രാഷ്ട്രീയമായ നീക്കമാണ് എന്നതില്‍ സംശയമില്ല. വി ഡി സതീശന് സ്വന്തം അന്വേഷണ ഏജന്‍സിയേക്കാള്‍ വിശ്വാസം നരേന്ദ്രമോദിയുടെ സേനയായ സിബിഐയിലാണ്.
ഇഡിയിലും സിബിഐയിലും മാത്രം വിശ്വസിക്കുന്ന വി ഡി സതീശന്‍ എത്രമാത്രം അപകടകരമായ നിലപാടാണ് സ്വീകരിക്കുന്നത് എന്ന കാര്യം കേരളീയ സമൂഹം തിരിച്ചറിയണമെന്നും കെ കെ രാഗേഷ് പ്രസ്താവനയില്‍ പറഞ്ഞു.







