
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസില്‍ എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമല്‍ പിടിയില്‍.
വീട്ടില്‍ കയറിയാണ് പൊലീസ് വിജയ് വിമലിനെ പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ് വിജയ് വിമല്‍. മുൻ കേരളാ സർവകലാശാലാ യൂണിയൻ മുൻ ചെയർമാൻ കൂടിയായിരുന്നു വിജയ് വിമല്‍.
ഇതിനിടെ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റിന്റെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് എസ്‌എഫ്‌ഐ. എസ്‌എഫ്‌ഐ ഇന്ന് കമ്മീഷണർ ഓഫീസിലേയ്ക്ക് മാർച്ച് നടത്തും. അറസ്റ്റിലായ വിജയ് വിമല്‍ സംഘർത്തില്‍ പങ്കാളിയായിരുന്നില്ലെന്നാണ് എസ്‌എഫ്‌ഐ നിലപാട്. അധ്യയനവർഷം ആരംഭിക്കാനിരിക്കെ നേതാക്കളെ അകത്തിടാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും എസ്‌എഫ്‌ഐ ആരോപിച്ചു. വീട്ടിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും പൊലീസ് ഭീഷണിപ്പെടുത്തി എന്നും ആരോപണമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ആസൂത്രണത്തോടെയുള്ള രാഷ്ട്രീയ ആക്രമണമെന്ന് കോടതി നേരത്തെ നീരീക്ഷിച്ചിരുന്നു. ഭരണഘടനാ സ്ഥാപനത്തിന് നേരെയുള്ള വെല്ലുവിളിയാണിതെന്നും കോടതി പറഞ്ഞിരുന്നു. ജാമ്യാപേക്ഷകള്‍ തള്ളിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം.
ആക്രമിക്കപ്പെട്ട വാഹനം പൊതുമുതല്‍ തന്നെയാണ്. പൊതുമുതല്‍ നശിപ്പിച്ചില്ലെന്ന വാദം നിലനില്‍ക്കില്ല. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സമയത്ത് തന്നെയാണ് ആക്രമണം ഉണ്ടായത്. ആക്രമണം ഉദ്യോഗസ്ഥർക്ക് ഭീതിയും മാനസികാഘാതവും ഉണ്ടാക്കിയെന്നും സമൂഹത്തെ നേരിട്ട് ബാധിക്കുന്ന അപൂർവമായ സംഭവമാണിതെന്നും കോടതി വിലയിരുത്തിയിരുന്നു. ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തില്‍ ആദ്യഘട്ടത്തില്‍ അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായത്. നിഥിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.







