
കോട്ടയം: സ്ത്രീകളുടെ ആരോഗ്യത്തിനായുള്ള അന്താരാഷ്ട്ര പ്രവർത്തന ദിനാചരണത്തിൻ്റെ ഭാഗമായി ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ സെൻട്രൽ കേരള കോട്ടയം ബ്രാഞ്ചിൻ്റെ വിമൻസ് ഡെന്റൽ കൗൺസിൽ സംഘടിപ്പിച്ച സ്ത്രീകളുടെ മോണയുടെ ആരോഗ്യവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടി പുത്തനങ്ങാടി സെൻ്റ.തോമസ് ഗേൾസ് ഹൈ സ്‌കൂളിൽ നടന്നു.
സ്ത്രീകളിലെ മോണരോഗാരോഗ്യവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ പുത്തനങ്ങാടി യൂണിറ്റിലെ കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു.
പരിപാടി മുനിസിപ്പൽ കൗൺസിലർ അഡ്വ. ടോം കോര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഐ. ഡി .എ.സെൻട്രൽ കേരള കോട്ടയം ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. നിധീഷ് മൗലാന അധ്യക്ഷത വഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടിയിലെ മുഖ്യപ്രഭാഷണം പെരിയോഡോണ്ടിസ്റ്റായ ഡോ.അരവിന്ദ്.പി നയിച്ചു. സ്ത്രീകളിലെ മോണരോഗങ്ങൾ, അവയുടെ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങൾ, വായ് ശുചിത്വത്തിൻ്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായി ബോധവൽക്കരിച്ചു.
വിമൻസ് ഡെന്റൽ കൗൺസിൽ പ്രതിനിധികളായ ഡോ.വീണാ കൃഷ്ണൻ,ഡോ.അമൃത.വി.എസ്, സി.ഡി.എച്ച് പ്രതിനിധി ഡോ. അബി എന്നിവർ ആശംസാപ്രസംഗം നടത്തി. സ്ത്രീകളുടെ സമഗ്രാരോഗ്യ സംരക്ഷണത്തിൽ വായ് ശുചിത്വത്തിനുള്ള പ്രാധാന്യം ഊന്നിപ്പറഞ്ഞ പരിപാടി പങ്കെടുത്തവർക്കിടയിൽ മികച്ച പ്രതികരണം നേടി.







