
ന്യൂഡൽഹി: ഒന്നു മുതൽ എട്ടാം ക്ലാസ് വരെ പഠിപ്പിക്കുന്ന സർക്കാർ,എയ്ഡഡ് പ്രൈമറി ക്ലാസ് അദ്ധ്യാപകർ 2028 ആഗസ്റ്റ് 31ന് മുൻപ് ടെറ്ര് (ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യത നേടണമെന്ന് സുപ്രീംകോടതിയുടെ കർശന നിർദ്ദേശം.
കേരളത്തിലിത് കെ ടെറ്റാണ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ടെറ്ര് അനിവാര്യമാണെന്നും, ഇനി സമയം നീട്ടിനൽകില്ലെന്നും കോടതി വ്യക്തമാക്കി.
നേരത്തെ 2027 ആഗസ്റ്റ് 31 വരെയായിരുന്നു സമയപരിധി അനുവദിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഒരു വർഷത്തേക്ക് കൂടി നീട്ടിനൽകുകയായിരുന്നു. ഈ കാലാവധിക്കുള്ളിൽ യോഗ്യത നേടാത്തവർക്ക് ജോലി നഷ്ടമാകും.
രാജ്യത്തെ 25 ലക്ഷത്തിൽപ്പരവും,കേരളത്തിലെ അരലക്ഷത്തോളവും അദ്ധ്യാപകരെ നേരിട്ടു ബാധിക്കുന്ന വിഷയമാണിതെന്ന് സംഘടനകൾ പറയുന്നു.
ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ടെറ്റ് ബാധകമാണോയെന്ന വിഷയം വിശാലബെഞ്ചിന്റെ പരിഗണനയിലാണ്.
അതിനാൽ അവിടങ്ങളിലെ അദ്ധ്യാപകർക്ക് തത്കാലം ഭീഷണിയില്ല.
നിയമഭേദഗതി അടക്കമുള്ള കാര്യങ്ങൾക്ക് ശ്രമങ്ങൾ നടത്തുമെന്ന് ഹർജിക്കാരായ ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ അറിയിച്ചു.
പ്രൈമറി ക്ലാസ് അദ്ധ്യാപകർ രണ്ടുവർഷത്തിനകം ടെറ്റ് യോഗ്യത നേടണമെന്ന് 2025 സെപ്തംബർ ഒന്നിന് സുപ്രീംകോടതി വിധിച്ചിരുന്നു.
2010 ഏപ്രിൽ ഒന്നിനാണ് വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നത്.
അതിനു മുൻപ് നിയമിതരായ,അഞ്ചു വർഷത്തിനകത്ത് സർവീസ് ബാക്കിയുള്ള അദ്ധ്യാപകർ ടെറ്ര് പരീക്ഷയെഴുതേണ്ടതില്ലെന്നും അന്ന് വ്യക്തമാക്കിയിരുന്നു.
പക്ഷേ അവർക്ക് സ്ഥാനക്കയറ്റം വേണമെങ്കിൽ യോഗ്യത നേടണം. ഇതിനെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ ഇന്നലെ തള്ളി.
പുനഃപരിശോധിക്കാൻ കാരണങ്ങളില്ലെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത,ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.







