Spread the love

വയനാട്ടിലെ മേപ്പാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാൻ ഉള്ള ദൗത്യം തുടരുന്നു. 45 അംഗ സംഘമാണ് രണ്ട് കുങ്കിയാനകളെ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നത്. പ്രദേശത്തിൻറെ ഭൂഘടന ദൗത്യം ശ്രമകരമാക്കുന്നുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കി. പ്രദേശത്തിന്റെ ഒരു ഭാഗം കുന്നും മറ്റൊരു ഭാഗം താഴ്‌വാരവുമാണ്. ഈ ഭൂപ്രകൃതിയിൽ മയക്കുവെടി വെക്കുക എന്നത് ഏറെ ശ്രമകരമാണ്. മാത്രവുമല്ല ഇവിടെ നിരവധി കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ പിടികൂടാനുള്ള കാട്ടാന ഏതാണെന്നത് കണ്ടുപിടിക്കുന്നതും ബുദ്ധിമുട്ടാണ്. കഴിഞ്ഞ ദിവസമാണ് ജോലിക്ക് പോകുന്നതിനിടെ മേപ്പാടിയിൽ വച്ച് പുത്തുമല സ്വദേശികളായ ദമ്പതികൾക്ക് നേരെ ആക്രമണം ഉണ്ടാകുന്നതും ആക്രമണത്തിൽ ഭാര്യ ജെസ്സി കൊല്ലപ്പെടുന്നതും.

video
play-sharp-fill

ആക്രമണത്തിൽ പരിക്കേറ്റ ഭർത്താവ് ഷാജി ചികിത്സയിലാണ്. സംഭവത്തിൽ വലിയ പ്രതിഷേധം മേപ്പാടി ടൗണിൽ പ്രദേശവാസികൾ നടത്തിയിരുന്നു. വനം വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ചേർത്ത് 14 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് സൗത്ത് ഡിഎഫ്ഒ അറിയിച്ചിരുന്നു. പ്രതിഷേധത്തിന് പിന്നാലെ 30 ലക്ഷം രൂപ നഷ്ടപരിഹാരത്തിനു വേണ്ട ശുപാർശ നൽകുമെന്നും കാട്ടാനയെ മയക്കു വെടിവെച്ച് പിടികൂടുമെന്നുമാണ് ഡിഎഫ്ഒ പ്രതിഷേധക്കാരോട് പറഞ്ഞത്.