
ആലപ്പുഴ: പ്രസവശേഷം നവജാത ശിശുവിനെ വെന്റിലേഷനിലൂടെ വലിച്ചെറിഞ്ഞ സംഭവത്തില്‍ കുഞ്ഞിനെ വേണ്ടെന്ന് അമ്മയായ 19കാരി ജില്ലാ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ അറിയിച്ചു.
നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യൂ ബോണ്‍ ഐ.സി.യുവിലാണ് പെണ്‍കുഞ്ഞ് ഇപ്പോള്‍. യുവതിയും ഇവിടെ ചികിത്സയിലുണ്ട്. യുവതി ആശുപത്രി വിടുന്നതോടെ കുഞ്ഞിനെ ആലപ്പുഴയിലെ ശിശുവിഹാറിലേയ്ക്ക് മാറ്റും. ഇവിടെ 60 ദിവസം പരിചരിക്കും. ഇതുകഴിഞ്ഞാല്‍ ശിശുക്ഷേമസമിതി കുഞ്ഞിനെ ഏറ്റെടുക്കും. തുടർന്ന് യുവതിക്ക് കുഞ്ഞിന്റെ അവകാശവാദമുന്നയിക്കാനാവില്ല.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് വയറുവേദനയെന്നുപറഞ്ഞ് ചികിത്സയ്ക്കെത്തിയ യുവതി ടോയ്ലെറ്റില് കയറി പ്രസവിച്ച ശേഷം കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്ക് എറിഞ്ഞത്. എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്യുകയാണ് യുവതി. ഇവിടെവച്ച് പരിചയപ്പെട്ട ഇതരസംസ്ഥാനക്കാരനായ യുവാവുമായി അടുപ്പത്തിലായിരുന്നു. അടുത്തകാലത്തായി ഇയാളുമായി ബന്ധമില്ല. താൻ ഗർഭിണിയായതും പ്രസവിച്ചതും യുവാവ് അറിഞ്ഞിട്ടുണ്ടാകില്ലെന്നാണ് യുവതി പറയുന്നത്.
ഗർഭിണിയായിരുന്നെന്ന് അറിഞ്ഞില്ലെന്നും വയറ്റില്‍ ദശ വളരുന്ന രോഗമാണെന്ന് കരുതിയെന്നുമാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. യുവതിയുടെ അമ്മ മാനസികാരോഗ്യത്തിന് ചികിത്സയിലാണ്. അച്ഛനും അനുജത്തിയുമാണ് വീട്ടിലുള്ളത്. മൂന്നുമാസമായി യുവതിയും വീട്ടിലുണ്ടായിരുന്നു. വയറ്റിലെ അസുഖത്തിന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെന്നും മരുന്ന് കഴിക്കാനാണ് വീട്ടില്‍ നില്‍ക്കുന്നതെന്നുമാണ് യുവതി ബന്ധുക്കളോട് പറഞ്ഞത്. സംഭവത്തില്‍ 19കാരിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group






