Spread the love

കോംഗോയിൽ നിന്ന് ഇന്ത്യയിലെത്തിയ 37 വയസുകാരനായ വ്യവസായിയെ എബോള വൈറസ് ബാധ സംശയിച്ച് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10 ദിവസം മുമ്പാണ് ഇദ്ദേഹം മുംബൈയിൽ എത്തിയത്. പിന്നീട് ബിസിനസ് ആവശ്യത്തിനായി വഡോദരയിലേക്കും അവിടെ നിന്ന് സിൽവാസയിലേക്കും യാത്ര ചെയ്തു. കഴിഞ്ഞ ആറ് ദിവസമായി ഇദ്ദേഹത്തിന് കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളുമുണ്ട്.

video
play-sharp-fill

രോഗലക്ഷണങ്ങളെ തുടർന്ന് വഡോദരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കോംഗോയിൽ നിന്ന് വന്നതാണെന്ന വിവരം ലഭിച്ചത്. ഇതേത്തുടർന്നാണ് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലുള്ള പ്രത്യേക എബോള വാർഡിലേക്ക് മാറ്റിയത്. ഇദ്ദേഹവുമായി അടുത്ത സമ്പർക്കം പുലർത്തിയ മൂന്ന് പേരെ കൂടി കണ്ടെത്തി ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അവരെ എസ്‌വിപി ആശുപത്രിയിലാണ് നിരീക്ഷിക്കുന്നത്. രോഗിയുടെ സാമ്പിളുകൾ പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു.

പരിശോധനാ ഫലം ലഭിക്കാൻ 24 മുതൽ 48 മണിക്കൂർ വരെ സമയമെടുക്കും. നിലവിൽ ഗുജറാത്തിൽ എബോള സ്ഥിരീകരിച്ചിട്ടില്ലെന്നും മുൻകരുതൽ നടപടികൾ മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ പ്രത്യേക വാർഡുകളും സജ്ജമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group