Spread the love

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗണ്‍മാന്‍മാരായ അഞ്ച് പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. പൊലീസുകാര്‍ വിവിധ യൂണിറ്റുകളിലായതിനാൽ പൊലീസ് മേധാവി സസ്പെന്‍ഷന്‍ ഉത്തരവിറക്കി. ഗൺമാൻ അനിൽ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ്, ഷൈജു എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. ഇവര്‍ സ്പെഷൽ ബ്രാ‌ഞ്ചിന് കീഴിലാണ് ജോലിയെടുക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്യായമായി ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു എസ്ഐടി റിപ്പോര്‍ട്ട്. ഈ വകുപ്പും അഞ്ച് പേര്‍ക്കെതിരെ ചുമത്തും.

video
play-sharp-fill

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. 2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു ‘രക്ഷാപ്രവർത്തന’മാണെന്നും പറഞ്ഞ് മുൻ മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്.