play-sharp-fill
ഒരുക്കങ്ങളായി കുറവിലങ്ങാട് നസ്രാണി മഹാസംഗമം സെപ്റ്റംബർ ഒന്നിന്

ഒരുക്കങ്ങളായി കുറവിലങ്ങാട് നസ്രാണി മഹാസംഗമം സെപ്റ്റംബർ ഒന്നിന്

സ്വന്തം ലേഖകൻ

കോട്ടയം: ഉണരാം ഒരുമിക്കാം ഉറവിടത്തിൽ എന്ന ആഹ്വാനവുമായി മാർത്തോമ്മായുടെ ശ്ലൈഹിക പാരമ്പര്യമുള്ള നസ്രാണികളുടെ സംഗമം കുറവിലങ്ങാട് നസ്രാണി സംഗമം എന്ന പേരിൽ സെപ്റ്റംബർ ഒന്നിന് നടക്കും. സീറോ മലബാർ സഭയിലെ ഏക മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അർക്കദിയാക്കോൻ ദേവാലയമായ കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ ഒന്നിന് ഉച്ചകഴിഞ്ഞ് 1.30ന് പതിനയ്യായ്യിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കുന്ന പ്രൗഡഗംഭീരസമ്മേളനം നടക്കും. സംഗമത്തിന്റെ ആദ്യഘട്ടമായി 25ന് ആരംഭിച്ച മരിയൻ കൺവൻഷൻ വ്യാഴാഴച (29) സമാപിക്കും.
കൂനൻകുരിശ് വരെ ഒരുസഭയായി വളർന്ന് പിന്നീട് വിവിധ വിഭാഗങ്ങളായി മാറിയ സഭകളുടെ തലവന്മാർ സഭാ ഭരണത്തിന് നേതൃത്വം നൽകിയ കുറവിലങ്ങാട്ട് ഒരു വേദിയിലെത്തുന്നുവെന്നതാണ് സംഗമത്തിന്റെ പ്രധാന പ്രത്യേകത.വിശ്വാസപാരമ്പര്യവും ജന്മവും കർമ്മവും വഴി വിശാല കുറവിലങ്ങാടിനോട് ഇഴചേർന്നിരിക്കുന്നവരുടെ പ്രതിനിധികളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. ജീവിതായോധനത്തിന്റെ ഭാഗമായി കുറവിലങ്ങാട് നിന്ന് മലബാർ, ഹൈറേഞ്ച് മേഖലകളിലേക്കും വിവിധ രാജ്യങ്ങളിലേക്കും കുടിയേറിയവരുടേയും വിവാഹം വഴി മറ്റ് സ്ഥലങ്ങളിലേക്ക് മാറിയവരുടേയും പ്രതിനിധികൾ സംഗമത്തിൽ എത്തിച്ചേരും.
ലോകചരിത്രത്തിൽ ആദ്യമായി പരിശുദ്ധ ദൈവമാതാവ് പാദസ്പർശത്താൽ അനുഗ്രഹീതവും സഭാ ചരിത്രത്തിൽ നിർണായക നേതൃസ്ഥാനം വഹിക്കുകയും സമാനതകളില്ലാത്ത ഉത്തരവാദിത്വങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ആഗോളതീർത്ഥാടന കേന്ദ്രമെന്ന നിലയിലാണ് കുറവിലങ്ങാട് ഇടവക സംഗമം വിളിച്ചുചേർക്കുന്നത്. പന്തക്കുസ്തയെ തുടർന്ന് വിശ്വാസം ഏറ്റുപറഞ്ഞ യഹൂദ വ്യാപാരികളിലൂടെ പകർന്നുനൽകപ്പെട്ട വിശ്വാസവും ആദ്യനൂറ്റാണ്ടിലും ആവർത്തിച്ചുള്ളതുമായ മരിയൻ പ്രത്യക്ഷീകരണങ്ങളും മാർ തോമാശ്ലീഹായിൽ നിന്ന് വിശ്വാസം സ്വീകരിച്ച പ്രമുഖ കുടുംബങ്ങളുടെ കുടിയേറ്റവും നാലാം നൂറ്റാണ്ടുമുതൽ പതിനേഴാം നൂറ്റാണ്ടുവരെ സഭയെ നയിച്ച അർക്കദിയാക്കോന്മാർക്ക് ജന്മമേകുകയും കർമ്മകേന്ദ്രമായി വർത്തിക്കുകയും ചെയ്തതും കുറവിലങ്ങാടിനെ വിശ്വാസത്തിന്റേയും സർവ്വോപരി നസ്രാണികളുടെ ഉറവിടവും അഭിമാനകേന്ദ്രവുമാക്കി മാറ്റി. കുറവിലങ്ങാട് കേന്ദ്രീകൃതമായി വളർന്നു പന്തലിച്ച അവിഭക്ത ക്രൈസ്തവ സഭയുടെ നേരനുഭവും സാക്ഷ്യവുമായി ഈ സംഗമം മാറ്റാനുള്ള ഒരുക്കങ്ങളാണ് പൂർത്തീകരിച്ചിട്ടുള്ളത്.
സംഗമദിനമായ സെപ്റ്റംബർ ഒന്നിന് രാവിലെ അന്താരാഷ്ട്ര മരിയൻ സിമ്പോസിയം ദേവമാതാ കോളജ് ഇ ലേണിംഗ് സെന്ററിൽ നടക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ വിശുദ്ധരുടെ നാമകരണനടപടികളുടെ തിരുസംഘം റിലേറ്റർ മോൺ. ഡോ. പോൾ പള്ളത്ത്, റോമിലെ ക്ലരീറ്റിയം പ്രഫസർ റവ.ഡോ. ജോർജ് ളാനിത്തോട്ടം, രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി വികാരി റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രഫസർ റവ.ഡോ. ജയിംസ് പുലിയുറുമ്പിൽ മേഡറേറ്ററായിരിക്കും. ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി എന്നിവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് 1.30ന് ഇടവകയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശനം. തുടർന്ന് ആരംഭിക്കുന്ന സമ്മേളനം സീറോ മലബാർ സഭാ തലവൻ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് സഭാതലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വീതിയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. സീറോ മലങ്കര സഭാ തലവൻ കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിക്സ് കാതോലിക്കാബാവ മുഖ്യപ്രഭാഷണം നടത്തും. മാർത്തോമ്മാ സഭാ തലവൻ ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത, ക്നാനായ സുറിയാനി സഭാ തലവൻ കുര്യാക്കോസ് മാർ സെവേറിയോസ് വലിയമെത്രാപ്പോലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭാ തലവൻ ബസേലിയോസ് മാർ സിറിൾ മെത്രാപ്പോലീത്ത, കൽദായ സുറിയാനി സഭാ തലവൻ മാർ അപ്രേം മെത്രാപ്പോലീത്ത, യാക്കോബായ സഭാ മെത്രാപ്പോലീത്തൻ ട്രസ്്റ്റിയും കൊച്ചി ഭദ്രാസനം മെത്രാപ്പോലീത്തയുമായ ജോസഫ് മോർ ഗ്രിഗോറിയോസ്, ചങ്ങനാശേരി അതിരൂപതാധ്യൻ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം എന്നിവർ അനുഗ്രഹപ്രഭാഷണങ്ങൾ നടത്തും. ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ സ്വാഗതമാശംസിക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആമുഖ പ്രഭാഷണം നടത്തും.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, മാവേലിക്കര രൂപതാധ്യക്ഷൻ ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, ഉജ്ജെയ്ൻ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റിയൻ വടക്കേൽ, പത്തംതിട്ട രൂപതാധ്യക്ഷൻ സാമുവൽ മാർ ഐറേനിയോസ്, ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ, താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, രാമനാഥപുരം രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ട്, കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടം, പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മിസിസാഗ രൂപതാധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ, ഗ്രേറ്റ്ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, മുവാറ്റുപുഴ രൂപതാധ്യക്ഷൻ മാർ യൂഹനോൻ മാർ തെയഡോഷ്യസ്, സാഗർ രൂപതാധ്യക്ഷൻ മാർ ജയിംസ് അത്തിക്കളം, ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ, പാലാ രൂപത പാസ്റ്ററൽ കൗൺസിൽ പ്രസിഡന്റ് ഡോ. സിറിയക് തോമസ് എന്നിവർ പ്രസംഗിക്കും.
മുത്തിയമ്മ ഫൊലോഷിപ്പ് ഓഫ് നസ്രാണീസ് അംഗത്വവിതരണോദ്ഘാടനം സീറോമലബാർ സഭാ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ നിർവഹിക്കും. പാലാ രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ ആദ്യ അംഗത്വം സ്വീകരിക്കും. ദേവമാതാ കോളജ് സ്വാശ്രയവിഭാഗം കെട്ടിടത്തിന്റെ നാമകരണം പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ നിർവഹിക്കും. മെമന്റോ വിതരണോദ്ഘാടനം വിശുദ്ധരുടെ നാമകരണനടപടികളുടെ തിരുസംഘം റിലേറ്റർ മോൺ. പോൾ പള്ളത്ത് നിർവഹിക്കും. നസ്രാണി മഹാസംഗമസ്മാരക അഷ്ടഭവന പദ്ധതി സമർപ്പണം ജോസ് കെ. മാണി എംപി നിർവഹിക്കും. എട്ട് ഭൂരഹിത കുടുംബങ്ങൾക്ക് സ്ഥലം വീടും നൽകുന്ന പദ്ധതിയാണ് അഷ്ടഭവന പദ്ധതി.
അഷ്ടഭവനങ്ങളുടെ താക്കോൽദാനം തോമസ് ചാഴികാടൻ എംപി, കേന്ദ്രന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ, മോൻസ് ജോസഫ് എംഎൽഎ, റോഷി അഗസ്റ്റിൻ എംഎൽഎ, പാലാ രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സിജു സെബാസ്റ്റ്യൻ, സഭാതാരം ഡോ. എ. ടി ദേവസ്യ, സഭാതാരം ജോൺ കച്ചിറമറ്റം എന്നിവർ സമ്മാനിക്കും. പദ്ധതി പ്രായോജകരായ വിവിധ ഭക്തസംഘടനകളുടെ പ്രതിനിധികൾ താക്കോൽ ഏറ്റുവാങ്ങും. സീനിയർ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ നന്ദി പ്രകാശിപ്പിക്കും.
സംഗമത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് എത്തുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും സംഘങ്ങൾക്കും പ്രത്യേക മെമന്റോ സമ്മാനിക്കും. സ്നേഹവിരുന്നും നടക്കും.
സംഗമത്തിന്റെ ആദ്യഘട്ടമായി വ്യാഴാഴ്ച (29) സമാപിക്കുന്ന മരിയൻ കൺവൻഷൻ യാക്കോബായ സഭ സിനഡ് സെക്രട്ടറി കോട്ടയം ഭദ്രാസനം മെത്രാപ്പോലീത്ത തോമസ് മാർ തിമോത്തിയോസാണ് ഉദ്ഘാടനം ചെയ്തത്. ഇന്ന് ആറിന് ഓർത്തഡോക്സ് സഭ കണ്ടനാട് ഭദ്രാസനം മെത്രാപ്പോലീത്ത തോമസ് മാർ അത്തനേഷ്യസ് സമാപനസന്ദേശം നൽകും.
സംഗമവിജയത്തിനായി ഇടവകയിൽ പ്രാർത്ഥനാമണിക്കൂർ ആചരണവും പ്രത്യേക പ്രാർത്ഥനകളും നടക്കുന്നു. സംഗമത്തിൽ പങ്കെടുക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ഇടവകകൾക്കും പ്രത്യേക മെമന്റോ സമ്മാനിക്കും. സംഗമത്തിലെത്തുന്നവരുടെ പേരുവിവരങ്ങളടക്കം ചരിത്രരേഖയായി സൂക്ഷിക്കാനും പദ്ധതിയുണ്ട്. ക്രമീകരണങ്ങൾക്കായി 1000 അംഗ വോളണ്ടിയർമാർ പ്രവർത്തിക്കുന്നു.
സംഗമത്തിനെത്തുന്നവർക്കായി വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും വലിയൊരു പേടകം തുറക്കുന്നുവെന്നതും ശ്രദ്ധേയമാണ്. മാതാവ് പ്രത്യക്ഷപ്പെട്ട് കുട്ടികൾക്ക് കാണിച്ചുകൊടുത്ത അത്ഭുത ഉറവ, അർത്ഥസമ്പുഷ്ടമായ ഉല്ലേഖനങ്ങൾ നിറഞ്ഞ ഒറ്റക്കൽകുരിശ്, ഏഷ്യയിലെ ഏറ്റവും വലിയ പള്ളിമണികൾ, എട്ടുനാക്കുകളുള്ള ഒറ്റത്തടിയിൽ തീർത്ത ചിരവ, ചരിത്രവിസ്മയം സമ്മാനിക്കുന്ന മ്യൂസിയം, മതസൗഹാർദ്ദത്തിന്റെ സംഗമ ഭൂമിയായ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ചെറിയ പള്ളി എന്നിങ്ങനെ വിദേശികളെയടക്കം ആകർഷിക്കുന്ന ഘടകങ്ങൾ നിരവധിയാണ്. അവിഭക്തനസ്രാണി സഭകളുടെ അഭിമാനമായിരുന്ന അർക്കദിയാക്കോന്മാർ, പ്രഥമ ഏതദ്ദേശീയ മ്രെതാൻ പറമ്പിൽ ചാണ്ടി, ബഹുഭാഷാ പണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനുമായ നിധീരിക്കൽ മാണിക്കത്തനാർ, പുണ്യശ്ലോകൻ പനംങ്കുഴയ്ക്കൽ വല്യച്ചൻ തുടങ്ങിയവരെ ആധ്യാത്മിക രംഗത്തും ഷെവലിയർ വി.സി ജോർജ്, ഡോ. പി.ജെ തോമസ് തുടങ്ങിയവരെ പൊതുരംഗത്തും സംഭാവന ചെയ്യാൻ കഴിഞ്ഞ ചരിത്രപാരമ്പര്യവും കുറവിലങ്ങാടിനുണ്ട്. മണർകാട്, അതിരമ്പുഴ, രാമപുരം, മുട്ടുചിറ, കോതനെല്ലൂർ, പാലാ കത്തീഡ്രൽ എന്നിവയടക്കമുള്ള ദേവാലയങ്ങളുടെ പെറ്റമ്മയും ഏഷ്യയിലെ ഏറ്റവും വലിയ ഇടവകയുമാണ് മഹാസംഗമത്തിന് ആതിഥ്യമരുളുന്നത്. പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കോർ കമ്മിറ്റിയംഗങ്ങളായ ബെന്നി കൊച്ചുകിഴക്കേടം,ജിമ്മി പാലയ്ക്കൽ,ടാൻസൺ പൈനാപ്പിള്ളിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു .