Spread the love

കെട്ടാരക്കര: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളർ പീഡനക്കേസില്‍ പ്രതി ചേർക്കണമെന്ന് മുൻ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ അതിജീവിതയോട് പറയുന്നത് നേരിട്ട് കേട്ടതായി കെപിസിസി അംഗം സി.ആർ.
നജീബിന്റെ മൊഴി. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇ.ആർ. അർജുൻരാജിന് മുൻപാകെയാണ് നജീബ് മൊഴി നല്‍കിയത്. ഗണേഷ്‌കുമാർ ആവശ്യപ്പെട്ടതനുസരിച്ച്‌ 2015 മേയില്‍ തന്റെ മുൻ പേഴ്‌സണല്‍ സ്റ്റാഫ് അംഗം എസ്.ഇ. സഞ്ജയ്ഖാനുമായി പത്തനാപുരത്തെ പാർട്ടി ഓഫീസില്‍ എത്തിയിരുന്നതായി നജീബ് വ്യക്തമാക്കി.

video
play-sharp-fill

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണച്ചുമതല ഉണ്ടായിരുന്നതിനാല്‍ തനിക്ക് ഗണേഷ്‌കുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്ന് മന്ത്രിസഭയില്‍ നിന്ന് പുറത്തായ ഗണേഷിനെ തിരികെ മന്ത്രിയാക്കാത്തതിലുള്ള വിരോധം ഉമ്മൻ ചാണ്ടിയോട് നിലനില്‍ക്കുന്ന സമയത്തായിരുന്നു ഈ കൂടിക്കാഴ്ച. ഗണേഷിന്റെ മുറിയില്‍ എത്തിയപ്പോള്‍ സോളർ കേസിലെ അതിജീവിത അവിടെയുണ്ടായിരുന്നു. തന്നെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താൻ ഉമ്മൻ ചാണ്ടിയോട് സമ്മർദ്ദം ചെലുത്തണമെന്ന് ഗണേഷ്‌കുമാർ ആവശ്യപ്പെട്ടു.

തുടർന്ന് അതിജീവിതയോട്, ‘ഉമ്മൻ ചാണ്ടിയെക്കൂടി സോളർ പീഡനക്കേസില്‍ ഉള്‍പ്പെടുത്തണം, അല്ലെങ്കില്‍ നമ്മുടെ പദ്ധതി ശരിയാകില്ല. ബാക്കിയെല്ലാം തന്റെ (അതിജീവിതയുടെ) കയ്യിലാണ്’ എന്ന് ഗണേഷ് പറയുന്നതായി കേട്ടു. തലയാട്ടി സമ്മതിച്ച്‌ ‘ഓക്കെ’ എന്ന് പറഞ്ഞാണ് അവർ ഇറങ്ങിപ്പോയത്. ഈ ഗൂഢാലോചനയെക്കുറിച്ച്‌ പറയാൻ അന്ന് ഉമ്മൻ ചാണ്ടിയെ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹം എടുത്തില്ല. തുടർന്ന് അദ്ദേഹത്തിന്റെ പിഎയെ വിവരം ധരിപ്പിച്ചതായും നജീബ് മൊഴി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ ഗണേഷ്‌കുമാറിന് വേണ്ടി അഡ്വ. ഷൈൻ പ്രഭ ഹാജരായി. സോളർ പീഡനക്കേസിലെ പരാതിക്കാരി അന്വേഷണ കമ്മീഷനില്‍ ഹാജരാക്കിയ കത്തില്‍ നാല് പേജുകള്‍ കൂട്ടിച്ചേർത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച്‌ അഡ്വ. സുധീർ ജേക്കബ് ഫയല്‍ ചെയ്ത ഹർജിയിലാണ് കൊട്ടാരക്കര കോടതിയില്‍ വിചാരണ പുരോഗമിക്കുന്നത്. കേസില്‍ ഒന്നാം പ്രതി അതിജീവിതയും രണ്ടാം പ്രതി ഗണേഷ്‌കുമാറുമാണ്. കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും.