
കോട്ടയം: കുറിച്ചി ഹോമിയോ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം പടരുന്നത് പതിവാകുന്നു. മൂന്നു മാസത്തിനിടെ രണ്ടു തവണ ലേഡീസ് ഹോസ്റ്റല്‍ അടച്ചു.
രോഗം മൂര്‍ഛിച്ച് മരണം മുഖാമുഖം കണ്ട വിദ്യാര്‍ഥിനി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചെലവേറിയ ചികില്‍സയ്ക്കൊടുവില്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുന്നു. വന്‍ തുകയാണ് ചികില്‍സയ്ക്ക് ചെലവായത്. അന്നാണ് ആദ്യമായി ലേഡീസ് ഹോസ്റ്റല്‍ അടച്ചത്. അതിന് ശേഷം കഴിഞ്ഞയാഴ്ച വീണ്ടും കുട്ടികളില്‍ രോഗലക്ഷണം കണ്ടു തുടങ്ങിയതിനെ തുടര്‍ന്ന് ഇന്നലെ ലേഡീസ് ഹോസ്റ്റല്‍ അടച്ചു.
കുറിച്ചി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലാണ് ഹോമിയോ മെഡിക്കല്‍ കോളജ് സ്ഥിതി ചെയ്യുന്നത്. പ്രതിരോധ നടപടികള്‍ നടന്നു വരുന്നതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ബിന്ദുകുമാരി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്തിന്റെ അഞ്ച്, ആറ് വാര്‍ഡുകളില്‍ മഞ്ഞപ്പിത്തം പടരുകയാണ്. നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു പഞ്ചായത്ത് തലത്തില്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
മൂന്നു മാസം മുന്‍പ് മഞ്ഞപ്പിത്തം പടര്‍ന്നപ്പോള്‍ കോളജിലെ കുടിവെള്ളം പരിശോധിച്ചിരുന്നു. ഡബിള്‍ ഫില്‍ട്ടറിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ഓരോ മാസവും വെള്ളം പരിശോധിക്കുന്നുമുണ്ട്. കുട്ടികളോട് വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കാനുളള നിര്‍ദേശവും നല്‍കിയിരുന്നു.
വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് വച്ചതിന ശേഷം ടോയ്ലറ്റില് വരെ യുവി ഫില്‍ട്ടറിങ് നടത്തിയ വെള്ളമാണ് ലഭ്യമാക്കിയിരിക്കുന്നത്.
മഞ്ഞപ്പിത്തത്തിന്റെ ഉറവിടം കോളജിലെ ജലസ്രോതസാണെന്ന ആക്ഷേപം പ്രിന്‍സിപ്പാള്‍ നിഷേധിച്ചു. കുട്ടികള്‍ക്ക് പുറമേ നിന്നുള്ള ഭക്ഷണത്തിലൂടെ വന്നതാകാം. പാത്രങ്ങളും മറ്റും പങ്കിടരുതെന്ന് കുട്ടികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
പക്ഷേ, ഇത് പലരും പാലിക്കാറില്ല. നിലവില്‍ അസുഖം വന്നിരിക്കുന്ന കുട്ടികള്‍ക്ക് കൂടുതലായി ലിവര്‍ എന്‍സൈം കാണുന്നില്ല. പത്തില്‍ താഴെ കുട്ടികള്‍ക്ക് മാത്രമാണ് രോഗം വന്നിരിക്കുന്നത്. പല ക്ലാസിലെ കുട്ടികള്‍ക്കാണ് വന്നത്. ഇവര്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് ലഭ്യമാക്കിയിരുന്നു. കുറേപ്പേര് ഇത് കഴിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
ഹോസ്റ്റലില്‍ കുഴല്‍കിണറില്‍ നിന്നുള്ള വെള്ളമാണ് ടോയ്ലറ്റില് ഉപയോഗിക്കുന്നത്. അടുക്കളയിലേക്ക് കിണര്‍ വെള്ളം അള്‍ട്രാവയലറ്റ് ഫില്ട്ടറേഷന് നടത്തിയാണ് ഉപയോഗിക്കുന്നത്. മൂന്നു മാസം കൂടുമ്പോള്‍ ഈ വെള്ളം പരിശോധന നടത്തി.
കോളിഫോം ബാക്ടീരിയ ഇല്ലെന്ന് ഉറപ്പു വരുത്തും. ചുറ്റുപാടുമുള്ള പ്രദേശങ്ങളിലെല്ലാം വെള്ളത്തില്‍ കോളിഫോം ബാക്ടീരിയ കാണപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഡബിള്‍ ഫില്‍ട്ടര്‍ വച്ചത്. ഇതില്‍ നെഗറ്റീവാണ് കാണുന്നത്.
കുടിവെള്ള വിതരണക്കാര്‍ വിതരണം ചെയ്ത വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കോളജ് ഹോസ്റ്റലില്‍ പുതുതായി രണ്ട് സെപ്ടിക് ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. പഴയ ടാങ്ക് ഉപേക്ഷിച്ചു. ടോയ്ലറ്റിലേക്കുള്ള പൈപ്പ് ലൈനുകളും മാറ്റിയിട്ടുണ്ട്. എല്ലാ വിധ സുരക്ഷയും ഉറപ്പു വരുത്തിയിട്ടുണ്ടെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.







