
കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്ക് കൂട്ട പരോള്‍ അനുവദിച്ചതില്‍ പരാതിയുമായി കൊല്ലപ്പെട്ട ശരത് ലാലിൻ്റെ കുടുംബം മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും കാണും.
പ്രതികളെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റണമെന്നും കൊലപാതക ഗൂഢാലോചനയില്‍ പങ്കാളികളായവരെയടക്കം നിയമത്തിന് മുന്നില്‍ കൊണ്ടുവരാൻ തുടരന്വേഷണം വേണമെന്നും ശരത് ലാലിൻ്റെ അച്ഛൻ സത്യനാരായണൻ പറഞ്ഞു.
ഇന്നലെയാണ് കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത്. എല്‍ഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് പരോള്‍ അനുവദിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരോള്‍ അനുവദിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് അഞ്ച് പ്രതികള്‍ പുറത്തിറങ്ങി. പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ക്കാണ് പരോള്‍.
കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഉള്ള 10 പ്രതികള്‍ക്കും പരോള്‍ അനുവദിച്ചു. ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ വീടുകളിലെത്തി. രണ്ടാം പ്രതി സജി, മൂന്നാം പ്രതി സുരേഷ്, ആറാം പ്രതി ശ്രീരാഗ്, എട്ടാം പ്രതി സുഭീഷ്, പത്താം പ്രതി രഞ്ജിത്ത് എന്നിവർ അടുത്ത ദിവസങ്ങളില്‍ ജയിലില്‍ നിന്ന് ഇറങ്ങും.
ഇരുപത് ദിവസത്തേക്കാണ് പരോള്‍. എല്‍ഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുമ്പാണ് എല്ലാ പ്രതികള്‍ക്കും പരോളിനുള്ള നടപടികള്‍ പൂർത്തിയാക്കിയത്.







