
ഡല്‍ഹി: രാജ്യത്ത് സമീപകാലത്തുണ്ടായ തുടർച്ചയായ ട്രെയിൻ തീപ്പിടിത്തങ്ങള്‍ക്ക് പിന്നില്‍ വൻ അട്ടിമറി സാധ്യതയെന്ന് ഇന്ത്യൻ റെയില്‍വേ.
റെയില്‍വേ സംവിധാനങ്ങളെ തകർക്കാനും യാത്രക്കാരില്‍ ഭീതി പടർത്താനും ലക്ഷ്യമിട്ടുള്ള സാമൂഹ്യവിരുദ്ധരുടെ ആസൂത്രിത നീക്കമാണിതെന്നാണ് പ്രാഥമിക അന്വേഷണ സൂചനകള്‍.
ഹൗറ, കോട്ട, അമർപുര, സസാരം എന്നിവിടങ്ങളില്‍ നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയില്‍വേ മന്ത്രാലയം ബുധനാഴ്ച നിർണായക പ്രസ്താവന പുറപ്പെടുവിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഇന്ന്, ഹൗറയില്‍ നിർത്തിയിട്ടിരുന്ന മിഥില എക്സ്പ്രസ്സിൻ്റെ ഒരു കോച്ചില്‍ തീപ്പിടിത്തമുണ്ടായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പെട്രോളില്‍ മുക്കിയ പകുതി കത്തിയ തുണിയുടെ കഷണം കണ്ടെത്തി. റെയില്‍വേ ജീവനക്കാർ സമയബന്ധിതമായി പ്രവർത്തിക്കുകയും സാഹചര്യം ഉടൻ നിയന്ത്രണത്തിലാക്കുകയും ചെയ്തതിലൂടെ വലിയ ദുരന്തം ഒഴിവാക്കി.” റെയില്‍വേ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
“പ്രാഥമിക സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്, ചില സാമൂഹിക വിരുദ്ധർ യാത്രാക്കാരുടെ സുരക്ഷയെ അപകടത്തിലാക്കാനും റെയില്‍വേ സംവിധാനത്തില്‍ ഭയവും അരാജകത്വവും വിതയ്ക്കാനും ശ്രമിക്കുന്നു എന്നാണ്. റെയില്‍വേ സംരക്ഷണസേനയും (RPF) ബന്ധപ്പെട്ട ഏജൻസികളും ഈ വിഷയങ്ങളെല്ലാം വിശദമായി അന്വേഷിച്ചുവരികയാണ്,” ഇത് കൂട്ടിച്ചേർത്തു.
ഈ സംഭവങ്ങളെ വളരെ ഗൗരവമായി കാണുന്നുവെന്നും റെയില്‍വേ സംരക്ഷണ സേന ഓരോ സംഭവത്തിലും വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും അമർപുര, കോട്ട, സസാരം, ഹൗറ എന്നിവിടങ്ങളില്‍ നടന്ന നാല് തീപ്പിടിത്തങ്ങള്‍ പരാമർശിച്ച് റെയില്‍വേ പറഞ്ഞു,







