
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതില്‍ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സർക്കാർ.
ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചന. തീരുമാനത്തില്‍ എതിർപ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി സർക്കാർ ചർച്ച നടത്തും.
ആദ്യ ഗ്യാരന്റി ഒരു മാസത്തിനുളളില്‍ നടപ്പാക്കാൻ തീരുമാനിച്ച യുഡിഎഫ് സർക്കാർ, കെഎസ്ആർടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര തുടങ്ങുന്ന തീയതിയേ പ്രഖ്യാപിച്ചിട്ടുളളൂ. ഏതൊക്കെ ബസില്‍, എത്ര ദൂരം വരെ എന്നൊന്നും തീരുമാനമായിട്ടില്ല. ജില്ലകള്‍ക്ക് പുറത്തേക്ക് സൗജന്യയാത്രയുണ്ടോ? എല്ലാ പ്രായക്കാർക്കും ആനുകൂല്യമുണ്ടോ എന്നെല്ലാം അറിയാനുണ്ട്. ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചനയുളളത്. അങ്ങനെയെങ്കില്‍ പ്രതിമാസം 60 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് സബ്സിഡിയായി നല്‍കേണ്ടി വരും. പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീ യാത്രക്കാർ പ്രതിദിനം സഞ്ചരിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. പദ്ധതി നടപ്പാക്കിയ കർണാടകയില്‍ എസി, സ്ലീപ്പർ ബസുകളില്‍ സൗജന്യമില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട്ടില്‍ ഓർഡിനറി ബസുകളില്‍ മാത്രമാണ് ആനുകൂല്യം. പ്രഖ്യാപനത്തിനറെ ആവേശത്തിലാണ് സ്ത്രീകള്‍
നിലവില്‍ ശമ്പളം നല്‍കാനടക്കം കെഎസ്ആർടിസിക്ക് സർക്കാർ പ്രതിമാസം കോടികള്‍ നല്‍കുന്നുണ്ട്. സൗജന്യ യാത്രക്കുളള തുക കൂടി എവിടുന്നു കാണുമെന്ന് പരിഹസിക്കുന്നു സിപിഎം. പദ്ധതിയില്‍ സ്വകാര്യ ബസുടമകള്‍ എതിർപ്പ് തുടരുകയാണ്. സ്ത്രീ യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിച്ചാല്‍ സ്വകാര്യ ബസുകള്‍ ഓട്ടം നിർത്തേണ്ടി വരുമെന്ന് ആശങ്ക. വരും ദിവസങ്ങളില്‍ സ്വകാര്യ ബസ് ഉടമകളുമായി പുതിയ ഗതാഗതമന്ത്രി ചർച്ച നടത്തും.







