Spread the love

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 21-ന് ആരംഭിക്കുമ്പോള്‍ സഭയ്ക്കുള്ളില്‍ നടക്കാന്‍ പോകുന്നത് സമാനതകളില്ലാത്ത രാഷ്ട്രീയ കൗതുകങ്ങള്‍. സി.പി.എം ഔദ്യോഗിക നേതൃത്വത്തോട് പരസ്യമായി ലഹള പ്രഖ്യാപിച്ച്, അമ്പലപ്പുഴയില്‍ നിന്നും സ്വതന്ത്രനായി മത്സരിച്ച് ജയിച്ചുകയറിയ മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ സഭയിലെ പ്രോടൈം സ്പീക്കറാകും.

video
play-sharp-fill

ഇതോടെ, പാര്‍ട്ടിയെയും തന്നെയും തകര്‍ക്കാന്‍ നോക്കിയ സുധാകരന് മുന്നില്‍ വണങ്ങി, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തുമോ ഇല്ലയോ എന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം.

ഭരണഘടനയും പാര്‍ലമെന്ററി ചട്ടങ്ങളും അനുസരിച്ച് സഭയില്‍ ഏറ്റവും കൂടുതല്‍ കാലം എം.എല്‍.എയായിരുന്ന മുതിര്‍ന്ന അംഗത്തെയാണ് പ്രോടൈം സ്പീക്കറായി നിശ്ചയിക്കുക. ഈ നിയമസഭയില്‍ ഏറ്റവും സീനിയോറിറ്റിയുള്ള അംഗം ജി. സുധാകരനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രോടൈം സ്പീക്കര്‍ പദവി ഏറ്റെടുക്കാന്‍ സുധാകരന്‍ സമ്മതം മൂളിയ സാഹചര്യത്തില്‍ വി.ഡി. സതീശന്‍ മന്ത്രിസഭ ഇതിനായുള്ള ശുപാര്‍ശ ഗവര്‍ണ്ണര്‍ക്ക് കൈമാറാന്‍ തീരുമാനിച്ചു. ഗവര്‍ണ്ണറുടെ അംഗീകാരം ലഭിക്കുന്നതോടെ 21-ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പൂര്‍ണ്ണ ചുമതല ജി. സുധാകരനായിരിക്കും.

പാര്‍ട്ടിയില്‍ തനിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ഒടുവില്‍ സി.പി.എമ്മിന്റെ അടിത്തറ ഇളക്കി നിയമസഭയിലേക്ക് വരികയും ചെയ്ത ജി. സുധാകരന്‍ പ്രോടൈം സ്പീക്കറുടെ കസേരയില്‍ ഇരിക്കുമ്പോള്‍, അദ്ദേഹത്തിന് മുന്നില്‍ വന്ന് സത്യപ്രതിജ്ഞാ വാചകം ചൊല്ലുന്നത് പിണറായി വിജയന് വ്യക്തിപരമായും രാഷ്ട്രീയമായും വലിയ തിരിച്ചടിയാകും.

അതുകൊണ്ടുതന്നെ, സഭാ സമ്മേളനത്തിന്റെ ആദ്യ ദിനമായ മേയ് 21-ന് പിണറായി വിജയന്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയേക്കില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

നിയമപ്രകാരം ആദ്യദിനം പ്രോടൈം സ്പീക്കര്‍ക്ക് മുന്നില്‍ എത്തി സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക്, പിന്നീട് സ്ഥിരം സ്പീക്കര്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹത്തിന് മുന്നില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരമുണ്ട്. മേയ് 22-ന് യു.ഡി.എഫിന്റെ മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുതിയ സ്പീക്കറായി ചുമതലയേല്‍ക്കുമെന്നാണ് വിവരം.

ജി. സുധാകരനെ അഭിമുഖീകരിക്കുന്നത് ഒഴിവാക്കാന്‍ പിണറായി വിജയന്‍ മേയ് 22-ന് ശേഷം മാത്രം സഭയിലെത്തി സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യത കൂടുതല്‍. സിപിഎം നിയമസഭാ കക്ഷി നേതാവാണ് പിണറായി. സഭയിലെ പ്രതിപക്ഷ നേതാവ്.