
എ കെ ശ്രീകുമാർ
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ പടം വച്ച് നാടുനീളെ വോട്ട് പിടിച്ച് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ചാണ്ടിഉമ്മൻ ഔട്ട്.
മന്ത്രിമാരുടെ ആദ്യ ലിസ്റ്റിൽ ചാണ്ടി ഉമ്മന്റെ പേരുണ്ടായിരുന്നു. എന്നാൽ ഗ്രൂപ്പ് മാനേജർമാർ ചാണ്ടി ഉമ്മനെ പിന്നീട് ഒരുക്കുകയായിരുന്നു. തനിക്ക് മന്ത്രിയാകണമെന്ന ആഗ്രഹം ഇല്ല എന്നാണ് ആദ്യ ലിസ്റ്റിൽ പേര് വന്നപ്പോൾ ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. എന്നിട്ടും പേര് ഉൾപ്പെടുത്തിയ ശേഷം അവസാന നിമിഷം ഒഴിവാക്കിയത് ക്രൂരമായിപ്പോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സതീശന്റെ യുഡിഎഫ് മന്ത്രിസഭയുടെ ലിസ്റ്റ് പ്രഖ്യാപിച്ചപ്പോള്‍, ഇടംപിടിക്കാതെ പോയ യുവ നേതാക്കളില്‍ ഏറ്റവും പ്രമുഖൻ പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനാണ് എന്ന കാര്യത്തിൽ സംശയമില്ല.
പോസ്റ്റർ ഒട്ടിക്കാതെയും ഫ്ലക്സ് ബോർഡുകൾ ഇല്ലാതെയും ഹരിതവിപ്ലവം തീർത്ത് സൈക്കിൾ ചവിട്ടി പ്രചാരണം നടത്തി
52,907 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തോടെ സഭയിലെത്തിയ ചാണ്ടി ഉമ്മനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിന് വോട്ടർമാർക്കിടയിലും സോഷ്യല്‍ മീഡിയയിലും കടുത്ത അമർഷം ഉയരുകയാണ്.
ചുരുങ്ങിയ കാലം കൊണ്ട് ജനഹൃദയങ്ങളിലേക്ക് 2023-ലെ ഉപതിരഞ്ഞെടുപ്പില്‍ 37,000-ത്തിലധികം വോട്ടുകള്‍ക്ക് ജയിച്ച് സഭയിലെത്തിയ ചാണ്ടി ഉമ്മൻ, വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധേയ മുഖമായി മാറിയിരുന്നു. പിതാവ് ഉമ്മൻ ചാണ്ടിയെപ്പോലെ തന്നെ സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ നേരിട്ടിടപെട്ടാണ് ചാണ്ടി ജനപ്രിയനായത്.
ജനപക്ഷ സമരങ്ങള്‍, ആശാ വർക്കർമാരുടെ സമരം, കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞുവീണ് ബിന്ദു എന്ന വീട്ടമ്മ മരിച്ച സംഭവം എന്നിവയിലെല്ലാം സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ സാധാരണക്കാരന്റെ ശബ്ദമായി ചാണ്ടി ഉമ്മൻ മുൻപന്തിയിലുണ്ടായിരുന്നു.
എംഎല്‍എ ആയിരുന്ന മൂന്ന് വർഷം കൊണ്ട് മണ്ഡലത്തില്‍ ഓടിനടന്ന് അടിസ്ഥാന വിഭാഗങ്ങളെ കാണുകയും പിതാവിന്റെ ഓർമ്മയ്ക്കായി നിരവധി പാവപ്പെട്ടവർക്ക് വീടുകള്‍ നിർമ്മിച്ച് നല്‍കാനും ചാണ്ടിക്ക് സാധിച്ചു.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഏറ്റവും വലിയ ‘സ്റ്റാർ കാമ്പയിനർ’ ചാണ്ടി ഉമ്മനായിരുന്നു. പാലക്കാട്, നിലമ്പൂർ ഉപതിരഞ്ഞെടുപ്പുകളിലെ അദ്ദേഹത്തിന്റെ പ്രചാരണവും വോട്ടർമാർ കാണിച്ച ആവേശവും വലിയ രീതിയില്‍ വൈറലായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലും ഒപ്പം ചേർന്ന് പൊരിവെയിലത്ത് സൈക്കിള്‍ ചവിട്ടിയത് ദേശീയ ശ്രദ്ധ നേടിയിരുന്നു.
ആർഭാടങ്ങളും ഫ്ലെക്സുകളും ഒഴിവാക്കി ആ തുകയ്ക്ക് പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നല്‍കാനുള്ള ചാണ്ടിയുടെ തീരുമാനത്തെ മുതിർന്ന നേതാക്കള്‍ വിലക്കാൻ നോക്കിയെങ്കിലും, ജനങ്ങളാണ് വലുതെന്ന പിതാവിന്റെ പാഠം ഉള്‍ക്കൊണ്ട് അദ്ദേഹം മുന്നോട്ട് പോവുകയായിരുന്നു. ഇതിനുള്ള അംഗീകാരമായാണ് പുതുപ്പള്ളിക്കാർ ഇത്തവണ 52,907 വോട്ടിന്റെ ചരിത്രഭൂരിപക്ഷം നല്കി അദ്ദേഹത്തെ വീണ്ടും നിയമസഭയിലേക്ക് അയച്ചത്.
സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായി ജനവിധി ഉണ്ടായപ്പോള്‍ തന്നെ ചാണ്ടി ഉമ്മൻ മന്ത്രിയാകുമെന്ന് പുതുപ്പള്ളിയിലെ വോട്ടർമാർ ഉറപ്പിച്ചിരുന്നു. മൂന്ന് വർഷത്തെ മികച്ച പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചാണ് അദ്ദേഹം ഈ അംഗീകാരം നേടിയത്. കപ്പിനും ചുണ്ടിനുമിടയില്‍ അർഹരായ യുവനേതാക്കള്‍ തഴയപ്പെടുന്നത് വരുംകാലങ്ങളില്‍ യുഡിഎഫിന് ഗുണം ചെയ്യില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും വോട്ടർമാരുടെയും വിലയിരുത്തൽ.
ചാണ്ടി ഉമ്മൻ, വി ടി ബൽറാം , മാത്യു കുഴൽ നാടൻ, സി ആർ മഹേഷ് തുടങ്ങിയ അഴിമതി വിരുദ്ധരും ജനപ്രിയരുമായ നേതാക്കൾ മന്ത്രിസഭയിൽ ഉണ്ടായിരുന്നെങ്കിൽ വി.ഡി.സതീശൻ മന്ത്രിസഭ ചരിത്രം സൃഷ്ടിച്ചേനെ.







