Spread the love

തിരുവനന്തപുരം:
വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന വേദിയില്‍ ശ്രദ്ധേയമായി പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം.

video
play-sharp-fill

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍, സിപിഐ സംസ്ഥാന അധ്യക്ഷന്‍ ബിനോയ് വിശ്വം, വിവിധ ക്രൈസ്തവ സഭാ പ്രതിനിധികള്‍ എന്നിവര്‍ വേദിയിലുണ്ടായിരുന്നു. ഭരണ പ്രതിപക്ഷ നേതാക്കളെ ഒരുമിച്ച്‌ വേദിയിലിരുത്തി ഇങ്ങനെയൊരു സത്യപ്രതിജ്ഞാ ചടങ്ങ് അടുത്തകാലത്തൊന്നും കേരളം കണ്ടിട്ടില്ല.

കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളെല്ലാം വേദിയില്‍ സന്നിഹിതരായിരുന്നു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി എംപി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേരളത്തിന്റെ ചുമതലയുടെ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിങ്ങനെ നേതാക്കളാല്‍ സമ്പന്നമായിരുന്നു വേദി. വി എം സുധീരന്‍, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങി യുഡിഎഫ് നേതാക്കളും വേദിയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. സ്റ്റേഡിയത്തിനകത്തും പുറത്തും വന്‍ ജനക്കൂട്ടമാണ് ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയത്.

വി ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ കുഞ്ഞാലിക്കുട്ടി, എന്‍ ഷംസുദ്ദീന്‍, പി കെ ബഷീര്‍, കെ എം ഷാജി, അബ്ദുള്‍ ഗഫൂര്‍, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവരാണ് മന്ത്രിമാര്‍. അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകും. ആദ്യം അനൂപും പിന്നീടുള്ള രണ്ടര വര്‍ഷം മാണി സി കാപ്പനും മന്ത്രിമാരാകും. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാകും യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയുമാകും.

മന്ത്രിമാരുടെ വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കും. ഘടക കക്ഷികളുടെ വകുപ്പുകളിലുള്‍പ്പെടെ മാറ്റം ഉണ്ടായേക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ നിലവില്‍ ധാരണയായ വകുപ്പുകളില്‍ മാറ്റവുണ്ടാകും. വൈദ്യുതി വകുപ്പ് താത്പര്യമില്ലെന്ന് കെ മുരളീധരന്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ആരോഗ്യവും ദേവസ്വവും വേണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഇത് അനുവദിച്ചിട്ടുണ്ടെന്നാണ് വിവരം.