Spread the love

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരെ ഡിഎംകെ എംഎൽഎ. നടൻ വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാരിന് ആറുമാസത്തിൽ കൂടുതൽ ആയുസുണ്ടാവില്ലെന്ന പ്രവചനവുമായാണ് ഡിഎംകെ എംഎൽഎയും മുൻ മന്ത്രിയുമായ അനിത രാധാകൃഷ്ണൻ രംഗത്തെത്തിയത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പരമ്പരാഗത ദ്രാവിഡ കക്ഷികളെ ഞെട്ടിച്ചുകൊണ്ട് നടൻ വിജയുടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയും മറ്റ് കക്ഷികളുടെ പിന്തുണയോടെ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് രാഷ്ട്രീയ വാക്പോരുകൾക്ക് സംസ്ഥാനത്ത് തുടക്കമായിരിക്കുന്നത്. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുതിർന്ന ഡിഎംകെ നേതാവും എംഎൽഎയുമായ അനിത രാധാകൃഷ്ണൻ പുതിയ സർക്കാരിനെതിരെ കടുത്ത വിമർശനവും പ്രവചനവുമായി രംഗത്തെത്തിയത്.

video
play-sharp-fill

വിജയ്‌യുടെ നേതൃത്വത്തിലുള്ള ഈ സഖ്യ സർക്കാർ കേവലം ആറുമാസം പോലും തികയ്ക്കില്ലെന്നാണ് അനിത രാധാകൃഷ്ണൻ അവകാശപ്പെട്ടത്. വിജയ്‌യുടെ പാർട്ടിക്ക് നിയമസഭയിൽ സ്വന്തമായി വ്യക്തമായ ഭൂരിപക്ഷമില്ലെന്നും മറ്റ് കക്ഷികളുടെ ദയയിലാണ് ഈ സർക്കാർ നിലനിൽക്കുന്നതെന്നും അനിത രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. ഭൂരിപക്ഷത്തിന് ആവശ്യമായ അംഗബലമില്ലാത്തതിനാൽ സഖ്യകക്ഷികൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളും ആഭ്യന്തര തർക്കങ്ങളും കാരണം ഈ സർക്കാർ വൈകാതെ തന്നെ തനിയെ തകർന്നുവീഴുമെന്നാണ് ഡിഎംകെയുടെ വിലയിരുത്തൽ. സിനിമയിൽ അഭിനയിക്കുന്നത് പോലെ എളുപ്പമല്ല ഒരു സംസ്ഥാനം ഭരിക്കുന്നതെന്നും രാഷ്ട്രീയത്തിലെയും ഭരണത്തിലെയും യാഥാർത്ഥ്യങ്ങൾ വിജയ് ഉടൻ തന്നെ മനസ്സിലാക്കുമെന്നും അനിത രാധാകൃഷ്ണൻ പരിഹസിച്ചു.