
കോഴിക്കോട്: ചെറുവണ്ണൂർ കക്കറമുക്കില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച ദുരന്തത്തില്‍ ദുരൂഹത അകലുന്നില്ല.
തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. ജില്ലാ ഫൊറൻസിക് വിഭാഗത്തിന്റെ പ്രാഥമിക പരിശോധനയില്‍ കാറിന്റെ പിൻഭാഗത്തുനിന്നാണ് തീ പടർന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍, തീപിടിക്കാനുള്ള വ്യക്തമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പെട്രോള്‍ ടാങ്കില്‍ ചോർച്ചയില്ലെന്നും എൻജിൻ റേഡിയേറ്റർ ഭാഗത്തോ എസി യൂണിറ്റിലോ തകരാർ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ അപകടകാരണം വ്യക്തമാകൂവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി രജിൻലാലിന്റെ ഭാര്യ സോന (27) ആണ് മരിച്ചത്. ആറുമാസം ഗർഭിണിയായിരുന്ന സോനയും ഭർത്താവ് രജിൻലാലും ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറില്‍ നിന്ന് പുകയും തീയും ഉയരുന്നത് കണ്ട നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. ഡ്രൈവർ സീറ്റിലുണ്ടായിരുന്ന രജിൻലാല്‍ കാറില്‍ നിന്ന് പുറത്തേക്കിറങ്ങിയെങ്കിലും പിൻസീറ്റിലുണ്ടായിരുന്ന സോനയ്ക്ക് പുറത്തിറങ്ങാനായില്ല.
ഡോർ ലോക്ക് ആയതാണ് രക്ഷപ്പെടാൻ തടസ്സമായതെന്ന് പറയുന്നു. ശരീരത്തില്‍ തീപിടിച്ചതിനെ തുടർന്ന് രജിൻ സമീപത്തെ തോട്ടിലിറങ്ങി തീയണയ്ക്കുകയായിരുന്നു.







