
ഇടുക്കി: ഡീന്‍ കുര്യാക്കോസ് എംപിക്കെതിരെ വിമർശനം ഉന്നയിച്ച ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്.
സംഘടനാ നടപടി ആവശ്യപ്പെട്ട് എഐസിസിക്കും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനുമാണ് പരാതി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുനീറാണ് പരാതി നല്‍കിയത്. ഡിസിസി പ്രസിഡന്റ് നിരന്തരം കോണ്‍ഗ്രസ് പ്രവർത്തകരെ അധിക്ഷേപിച്ച് സംസാരിക്കുന്നുവെന്നാണ് പരാതി. പക്വതയില്ലാതെ പെരുമാറുന്ന ഡിസിസി അധ്യക്ഷനെതിരെ നേതൃത്വം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
അതേസമയം ഡീന്‍ കുര്യാക്കോസ് എംപിക്കെതിരെ വിമർശനം ഉന്നയിച്ച സി പി മാത്യുവിനെതിരെ യുഡിഎഫ് ജില്ലാ ചെയർമാനും കട്ടപ്പന നഗരസഭ ചെയർമാനുമായ ജോയ് വെട്ടിക്കുഴി രംഗത്തെത്തി. ഡീൻ കുര്യാക്കോസിനെ രാഷ്ട്രീയ മര്യാദ പഠിപ്പിക്കുന്നത് പരിഹാസ്യമാണെന്നും പ്രസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്ന ഒരാളില്‍ നിന്നും രാഷ്ട്രീയ ഗൗരവമുള്ള ആരും ഉപദേശങ്ങള്‍ പ്രതീക്ഷിക്കുന്നില്ലയെന്നും ജോയ് വെട്ടിക്കുഴി പറഞ്ഞു. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് വെട്ടിക്കുഴി പ്രതികരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കിയിലെ ജനങ്ങള്‍ നല്കിയ വലിയ വിജയത്തോട് നന്ദി കാണിക്കുന്നതിന് പകരം പൊതുവേദികളില്‍ പ്രസ്ഥാനത്തിന് നേരെ ചെളിവാരിയെറിഞ്ഞ് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് വളരെ മോശമാണ്. ജനവികാരം ഉള്‍ക്കൊണ്ട് അവർക്കിടയില്‍ പ്രവർത്തിച്ചു വളർന്നുവന്ന നേതാവാണ് ഡീൻ കുര്യാക്കോസ്. ഇടുക്കിയുടെ ശബ്ദമായി പാർലമെന്റില്‍ നിറഞ്ഞുനില്ക്കുന്ന അദ്ദേഹത്തെ അധിക്ഷേപിക്കാൻ നോക്കുന്നവർ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ജോയ് വെട്ടിക്കുഴി വ്യക്തമാക്കി. പ്രസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം നടപടികള്‍ അവസാനിപ്പിച്ച് രാഷ്ട്രീയ വിവേകം കാണിക്കണമെന്ന് സി പി മാത്യുവിനെ ഓർമ്മിപ്പിക്കുകയാണെന്നും ജോയ് വെട്ടിക്കുഴി പറഞ്ഞു.







