
പിണറായി വിജയനും എംവി ഗോവിന്ദനും അടക്കമുള്ള നേതാക്കളുടെ ശൈലിയും ധാര്‍ഷ്ട്യം നിറഞ്ഞ സമീപനവുമാണ് ഇക്കുറി എല്‍ഡിഎഫിന്റെ പരാജയത്തിലേക്ക് വഴി തെളിച്ചതെന്ന ഫേസ് ബുക്ക് പോസ്റ്റുമായി സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന്റെ മകന്. പത്തനംതിട്ട നഗരസഭ മുന്‍ ചെയര്‍മാനും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ അഡ്വ. ടി സക്കീര്‍ ഹുസൈന്റെ മകന് ആസിഫ് സക്കീര്‍ ഹുസൈനാണ് നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ത്തി പോസ്റ്റ് ഇട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടിട്ടും ഒരു മാറ്റത്തിന് തയ്യാറല്ലെന്ന സമീപനം തികച്ചും നിരാശാജനകമാണ് എന്നിങ്ങനെയുള്ള തലവാചകങ്ങളോടെയാണ് ആസിഫ് സക്കീര്‍ പോസ്റ്റ് ചെയ്തത്. ഇതിനെതിരേയുള്ള കമന്റിനാണ് ആസിഫ് രൂക്ഷവിമര്‍ശനം ഉന്നയിച്ച് മറുപടി നല്‍കിയിരിക്കുന്നത്.
പിണറായി വിജയന്റേത് മാത്രമല്ല, സംസ്ഥാന സെക്രട്ടറി അടക്കം പാര്‍ട്ടി നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ ശൈലിയും ധാര്‍ഷ്ട്യം നിറഞ്ഞ സമീപനവുമാണ് തോല്‍വിക്കുള്ള പ്രധാനകാരണം. ഭരണം മോശമായതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് എന്ന അഭിപ്രായം എനിക്കില്ല. കാരണം വികസന കാര്യത്തില്‍ ഈ സര്‍ക്കാര്‍ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. എന്നാല്‍, സംഘടനാ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഇന്ന് ദുര്‍ബ്ബലമാണ്. പരമ്പരാഗത കമ്മ്യൂണിസ്റ്റ് ശൈലിയില്‍നിന്നും വ്യത്യസ്തമായി ഒരു വലതുപക്ഷപ്രവണത ഇന്ന് പാര്‍ട്ടിയില്‍ പ്രകടമാണ് എന്നും കുറിപ്പിൽ പറയുന്നുണ്ട്.
പാര്‍ട്ടിയെ തിരുത്തേണ്ടത് അനിവാര്യമാണെന്ന് മനസിലായതിന്റെ പ്രതിഫലനമാണ് പയ്യന്നൂരിലും തളിപ്പറമ്പിലും ഉണ്ടായത്. വിമര്‍ശനങ്ങള്‍ക്ക് കാതോര്‍ക്കാതെ തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അത് അംഗീകരിക്കാനോ തിരുത്താനോ തയ്യാറാകാതെ, ഒരു പറ്റം ഭാഗ്യാന്വേഷികളുടെയും അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ നുണയാന്‍ കൂടെ കൂടുന്നവരുടെയും വാഴ്ത്തുപാട്ടുകള്ക്കുമാത്രം കാതോര്ത്തതുകൊണ്ടാണ് ഈ കനത്ത തിരിച്ചടിയുണ്ടായിരിക്കുന്നത്. പിണറായി വിജയനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല എന്നും കുറിപ്പിൽ പറയുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആസിഫിന്റെ പിതാവ് അഡ്വ. സക്കീര്‍ ഹുസൈന് നഗരസഭ ചെയര്‍മാനായിരിക്കുമ്പോള്‍ മന്ത്രി വീണാ ജോര്‍ജുമായി അത്ര രസത്തിലല്ലായിരുന്നു. നഗരസഭയുടെ പല വികസന പ്രവര്‍ത്തനങ്ങളിലും മന്ത്രിയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. നഗരസഭയുടെ അധീനതയിലുണ്ടായിരുന്ന ജനറല്‍ ആശുപത്രി വിചിത്രമായ ഒരു ഉത്തരവിലൂടെ ജില്ലാ പഞ്ചായത്തിന് കൈമാറിയിരുന്നു. പാര്‍ട്ടി ഘടകങ്ങളിലും ഇവര്‍ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായിരുന്നു. പിണറായി വിജയനാണ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന ആദ്യമായി പറഞ്ഞ ജില്ലാ സെക്രട്ടറിയേറ്റും പത്തനംതിട്ട തന്നെയാണ്.







