
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ വീട്ടിലെത്തി വി.ഡി സതീശൻ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്റെ പേര് നിർദേശിക്കപ്പെടുന്നതിലും തിരഞ്ഞെടുക്കപ്പെടുന്നതിലും നിർണായക പങ്കുവഹിച്ച മുതിർന്ന നേതാവിനെ നേരില്‍ കണ്ട് നന്ദി അറിയിക്കാനും അനുഗ്രഹം തേടാനുമാണ് സതീശൻ എത്തിയത്.
വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള അടുത്ത അഞ്ചു വർഷം കേരളത്തിന്റെ സുവർണകാലമായി മാറട്ടെ എന്ന് മുതിർന്ന എ.കെ ആന്റണി ആശംസിച്ചു. വികസനത്തിലും ജനക്ഷേമത്തിലും കേരളത്തെ ദക്ഷിണേന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി നയിക്കാൻ സതീശന് സാധിക്കട്ടെ. സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിയാലോചിച്ചാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സതീശനെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചത്. ഈ തീരുമാനത്തെ താൻ പൂർണമായും പിന്താങ്ങുന്നുവെന്നും സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും ആന്റണി പറഞ്ഞു.






