
ഡല്‍ഹി; ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയൻ മത്സരിക്കേണ്ടതില്ലായിരുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോയില്‍ ഭൂരിപക്ഷ നിലപാട്.
ആരെ പ്രതിപക്ഷനേതാവ് ആക്കണമെന്ന വിഷയം പിബിയില്‍ ചർച്ച ചെയ്തില്ല. എന്നാല്‍, പി.എ.മുഹമ്മദ് റിയാസിനെ പരിഗണിക്കണമെന്ന് അനൗപചാരിക ചർച്ചകളില്‍ പരാമർശമുണ്ടായപ്പോള്‍ പിബിയിലെ ചെറുപ്പക്കാരുള്‍പ്പെടെ എതിർത്തെന്നു പാർട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
തനിക്കോ ഭരണത്തിനോ എതിരായ വികാരമല്ല ഫലത്തില്‍ പ്രതിഫലിച്ചതെന്നു പിബിയില്‍ പിണറായി വാദിച്ചു. അതിനോടു യോജിച്ച സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, വർഗശത്രുക്കളുടെ ഒത്തുചേരലാണ് ഉണ്ടായതെന്നു ന്യായീകരിച്ചു. എന്നാല്‍, സ്ഥാനാർഥി നിർണയത്തിലുള്‍പ്പെടെ പിഴവു പറ്റിയെന്ന് എ.വിജയരാഘവനും ബംഗാളില്‍നിന്നുള്ള ചില അംഗങ്ങളും നിലപാടെടുത്തതായാണു സൂചന. കെ.കെ.ശൈലജയെ മട്ടന്നൂരില്‍നിന്നു പേരാവൂരിലേക്ക് മാറ്റിയതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ പാളിയെന്നും വിലയിരുത്തി.
തിരഞ്ഞെടുപ്പ് മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നുവെന്ന് ജനറല്‍ സെക്രട്ടറി എം.എ.ബേബി അഭിപ്രായപ്പെട്ടതായും പാർട്ടി വൃത്തങ്ങള്‍ പറഞ്ഞു. പിണറായി മല്‍സരിക്കാതെ പ്രചാരണ നായകനായി നിന്നാല്‍ മതിയായിരുന്നുവെന്നു പലരും പറഞ്ഞു. പിണറായിയല്ല മുഖ്യമന്ത്രിസ്ഥാനാർഥിയെന്നും മാറ്റത്തിനു തയാറെന്നുമുള്ള സന്ദേശം നല്‍കിയിരുന്നെങ്കില്‍ തിരിച്ചടിയുടെ ആഘാതം കുറയുമായിരുന്നുവെന്നാണു വാദം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ സിപിഎമ്മിലെ പ്രശ്നങ്ങള്‍ പാർട്ടി കമ്മിറ്റികള്‍ വിലയിരുത്തിയാല്‍ മതിയാവില്ലെന്നും സംസ്ഥാന പ്ലീനം വിളിച്ച് തുറന്ന വിമർശനത്തിനു വേദിയൊരുക്കണമെന്നും സിപിഎം പൊളിറ്റ്ബ്യൂറോ യോഗത്തില്‍ അഭിപ്രായം. തിരുത്തലുകള്‍ ചട്ടപ്പടി മാത്രമെങ്കില്‍ നിലനില്‍പ് പ്രതിസന്ധിയിലാകുമെന്നും അഭിപ്രായമുണ്ടായി.
2011 ല്‍ ബംഗാളില്‍ ഭരണം പോയപ്പോള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടചാര്യ ഉന്നയിച്ചതരം ന്യായീകരണങ്ങളായിരുന്നു പിണറായിയുടേതെന്ന് യോഗത്തില്‍ പങ്കെടുത്തവരില്‍ ചിലർ സൂചിപ്പിച്ചു. ബുദ്ധദേവിനെതിരെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉന്നയിച്ച വിമർശനങ്ങളോട് യോജിച്ചവരുടെ കൂട്ടത്തിലായിരുന്നു അന്ന് പിണറായി. പിന്നീടങ്ങോട്ട് പിബി, കേന്ദ്ര കമ്മിറ്റി യോഗങ്ങളില്‍നിന്ന് ബുദ്ധദേവ് വിട്ടുനിന്നതു വിവാദവുമായി.







