
കോഴിക്കോട്: മുഖ്യമന്ത്രിയായി കെസി വേണുഗോപാലിനെ പിന്തുണയ്ക്കുന്നു എന്ന വാർത്തകള്‍ക്ക് പിന്നാലെ, വടകര എംപിയും യുവ നേതാവുമായ ഷാഫി പറമ്പിലിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് പ്രവർത്തകർ.
പ്രതിപക്ഷ നേതാവ് വിഡി സതീശനെ പിന്തള്ളി കെസിക്ക് വേണ്ടി കരുനീക്കം നടത്തുന്നു എന്ന ആരോപണമാണ് ഷാഫിക്കെതിരെ ഉയരുന്നത്.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വി.ടി. സൂരജിനൊപ്പം ഉമ്മൻചാണ്ടിയുടെ ചിത്രം ഉയർത്തിനില്‍ക്കുന്ന ഫോട്ടോ ഷാഫി പങ്കുവച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റിന് താഴെ ഷാഫിയെ പ്രശംസിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിമർശനങ്ങളും മുന്നറിയിപ്പുകളുമാണ് അണികള്‍ രേഖപ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടിയെ വിജയത്തിലേക്ക് നയിച്ച സതീശനെ തഴഞ്ഞ് കെസിയെ മുഖ്യമന്ത്രിയാക്കിയാല്‍ സാധാരണ പ്രവർത്തകർ പാർട്ടി വിടുമെന്ന് പലരും മുന്നറിയിപ്പ് നല്‍കുന്നു. ഗ്രൂപ്പ് താല്പര്യങ്ങള്‍ക്കും വ്യക്തിബന്ധങ്ങള്‍ക്കും മുകളില്‍ ജനവികാരം മനസിലാക്കി പ്രവർത്തിക്കണമെന്നും അല്ലാത്തപക്ഷം ഷാഫിയും തിരിച്ചടി നേരിടേണ്ടി വരുമെന്നും കമന്റുകള്‍ സൂചിപ്പിക്കുന്നു. സതീശനെ ചതിച്ചാല്‍ ഷാഫി എത്ര വലിയ നേതാവാണെങ്കിലും തോല്‍പ്പിക്കാൻ മുന്നിലുണ്ടാകുമെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ നിലപാട്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടികള്‍ ഉണ്ടായപ്പോള്‍ സതീശൻ എടുത്ത ശക്തമായ നിലപാടുകളെ ചിലർ ഓർമ്മിപ്പിച്ചു. അന്ന് സതീശൻ കാട്ടിയ ആർജ്ജവം മറന്ന് കെസിക്കൊപ്പം നില്‍ക്കുന്നത് നന്ദികേടാണെന്നും, പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎമ്മിന് സംഭവിച്ചത് പോലെ കോണ്‍ഗ്രസിനും ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്നും കുറിപ്പുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.







