
കുമരകം: എസ്എൻഎസ്‌സി (SNSC) സ്പോർട്സ് ക്ലബ് ആൻഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എസ്കെഎംഎച്ച്എസ്എസ് (SKMHSS) ഫ്ലഡ്‌ലൈറ്റ് മൈതാനിയിൽ സംഘടിപ്പിച്ച അഖില കേരള വോളിബോൾ ടൂർണമെന്റിൽ വനിതാ വിഭാഗത്തിൽ എസ്എൻഎസ്‌സി കുമരകവും പുരുഷ വിഭാഗത്തിൽ വോളിബോൾ അക്കാദമി ഉല്ലലയും ജേതാക്കളായി.
ആവേശകരമായ വനിതാ ഫൈനലിൽ പാലാ അൽഫോൻസാ കോളേജിനെ പരാജയപ്പെടുത്തിയാണ് എസ്എൻഎസ്‌സി കുമരകം കിരീടം ചൂടിയത് (സ്കോർ: 25-21, 27-25, 15-25, 25-20). പുരുഷ വിഭാഗം ഫൈനലിൽ എസ്എൻഎസ്‌സി കുമരകത്തെ പരാജയപ്പെടുത്തി വോളിബോൾ അക്കാദമി ഉല്ലല ജേതാക്കളായി. അഞ്ചു സെറ്റുകൾ നീണ്ടുനിന്ന പോരാട്ടത്തിൽ 25-19, 25-27, 19-25, 25-18, 17-15 എന്ന ക്രമത്തിലാണ് ഉല്ലല വിജയം ഉറപ്പിച്ചത്.
വിജയികൾക്ക് തോമസ് ചാണ്ടി എംഎൽഎ സമ്മാനങ്ങൾ വിതരണം ചെയ്തു. ചാണ്ടി ഉമ്മൻ എംഎൽഎ, നാട്ടകം സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പി ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗം വിഷ്ണു മണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ ഷിജോ, വി ബി ബിനു, ജയേഷ് മോഹൻ, ഫാദർ ജോഫി വല്ലത്തുംചിറ തുടങ്ങിയവർ സമാപന ചടങ്ങിൽ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൂർണമെന്റിനോടനുബന്ധിച്ചുള്ള മെഗാ സമ്മാന കൂപ്പൺ നറുക്കെടുപ്പ് കെ ജി ബിനു, വി കെ സുനിത്ത് എന്നിവർ നിർവഹിച്ചു. കായികരംഗത്തേക്ക് യുവാക്കളെ ആകർഷിക്കുന്നതിനായി ഏർപ്പെടുത്തിയ മൊബൈൽ ഫോൺ സമ്മാനങ്ങൾ എസ്എൻഎസ്‌സി പ്രസിഡന്റ് എം എൻ ഗോപാലൻ തന്ത്രികൾ, സാജുലാൽ അമ്പാടി എന്നിവർ വിതരണം ചെയ്തു.







