
ചെന്നൈ: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഒടുവില്‍ തമിഴ്നാട്ടില്‍ ടിവികെയ്ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു.
ഇതോടെ സര്‍ക്കാര്‍ രൂപീകരണത്തിനായി വിജയ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കാണും. 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ തമിഴക വെട്രി കഴകം (ടി.വി.കെ)യെ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണക്കാന്‍ തീരുമാനിച്ചാണ് കോണ്‍ഗ്രസ് ഡിഎംകെ സഖ്യം വിട്ടത്. വൈകീട്ട് മൂന്ന് മണിയോടെയാണ് കൂടിക്കാഴ്ച്ച നടത്തി സര്‍ക്കാര്‍ രൂപീകരണത്തിന് വിജയ് അവകാശവാദം ഉന്നയിക്കും. സര്‍ക്കാര്‍ രൂപീകരണത്തിന് മാത്രമല്ല ഭാവിയിലെ തിരഞ്ഞെടുപ്പുകളിലും ഈ സഖ്യം തുടരുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതോടെ തമിഴ്നാട് രാഷ്ട്രീയത്തില്‍ മാത്രമല്ല കേന്ദ്രത്തിലും ഇത് വലിയ മാറ്റങ്ങള്‍ക്ക് വഴിത്തിരിവാകും. ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നടപടി പിന്നില്‍നിന്നുള്ള കുത്താണെന്ന് നേരത്തെ ഡിഎംകെ ആരോപിച്ചിരുന്നു.
ഭരണഘടനാ തത്വങ്ങളില്‍ വിശ്വസിക്കുന്ന മതനിരപേക്ഷവും പുരോഗമനപരവും ജനക്ഷേമപരവുമായ ഒരു സര്‍ക്കാരിന് വേണ്ടി തമിഴ്നാട്ടിലെ ജനങ്ങള്‍, പ്രത്യേകിച്ച് യുവാക്കള്‍ വ്യക്തവും ശക്തവും ഉജ്ജ്വലവുമായ ഒരു വിധി നല്‍കിയിരിക്കുകയാണ്. രാജ്യത്തെ മതനിരപേക്ഷ, പുരോഗമന ജനക്ഷേമ രാഷ്ട്രീയത്തിന്റെ സ്ഥാപക പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. തമിഴ്നാട്ടിലെ ജനങ്ങളുടെ ഈ ജനവിധിയെ ബഹുമാനിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും അത് നടപ്പിലാക്കാന്‍ സഹായിക്കുകയും ചെയ്യുക എന്നത് ഞങ്ങളുടെ ഭരണഘടനാപരമായ കടമയാണ്.അതുകൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ടിവികെയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്കാന് തീരുമാനിച്ചു’ തമിഴ്നാട് കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരസ്പര ബഹുമാനം, അര്‍ഹമായ പങ്കാളിത്തം, ഉത്തരവാദിത്തം എന്നിവയില്‍ അധിഷ്ഠിതമായ ഈ സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിന് മാത്രമല്ല, വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിഞ്ഞെടുപ്പ്, ലോക്സഭ, രാജ്യസഭ തിരഞ്ഞെടുപ്പുകളിലും തുടരുമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് അറിയിച്ചു. നിയമസഭാതിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിജയ് മന്ത്രിസഭയുണ്ടാക്കാന്‍ അവകാശമുന്നയിച്ച് ഗവര്‍ണര്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്.
പെരമ്പൂര്‍, തിരുച്ചി ഈസ്റ്റ് മണ്ഡലങ്ങളില്‍നിന്ന് വിജയിച്ച വിജയ് തിരുച്ചിയിലെ എം.എല്‍.എ. സ്ഥാനം രാജിവെക്കുമെന്ന് യോഗത്തെ അറിയിച്ചു. 108 സീറ്റുള്ള ടി.വി.കെ.യുടെ അംഗബലം അതോടെ 107 ആയി ചുരുങ്ങും. 234 അംഗ സഭയില്‍ കേവലഭൂരിപക്ഷം ഉറപ്പിക്കുന്നതിന് 118 സീറ്റാണുവേണ്ടത്. അഞ്ച് സീറ്റുകളുള്ള കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചെറുകക്ഷികളുടെ സഹായത്തോടെ ലക്ഷ്യത്തിലെത്താനാവുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കാത്ത വര്‍ഗീയ ശക്തികളെ ഈ സഖ്യത്തില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് വിധേയമായിരിക്കും തങ്ങളുടെ പിന്തുണയെന്നും കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. അഞ്ച് സീറ്റ് നേടിയ കോണ്‍ഗ്രസ് തമിഴ്നാട്ടില്‍ ഡി.എം.കെ സഖ്യം വിട്ടതോടെ ദേശീയ തലത്തില്‍ ഇന്‍ഡ്യാ സഖ്യത്തിന് തിരിച്ചടിയാകാനും സാധ്യതയുണ്ട്.
234 അംഗ തമിഴ്നാട് നിയമസഭയില്‍ ഭൂരിപക്ഷത്തിന് 118 എം.എല്‍.എമാരുടെ പിന്തുണ വേണം.ടി.വി.കെ 108 സീറ്റുകള്‍ നേടി. ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് അഞ്ച് സീറ്റുകള്‍ നേടിയിട്ടുണ്ട്. ഇവരുടെ പിന്തുണ ലഭിക്കുന്നതോടെ സീറ്റുകളുടെ എണ്ണം 113 ആയി.മറ്റ് പ്രധാന ഡി.എം.കെ സഖ്യകക്ഷികളായ സി.പി.ഐ (രണ്ട് സീറ്റുകള്‍), സി.പി.എം (രണ്ട് സീറ്റുകള്‍), വി.സി.കെ (രണ്ട് സീറ്റുകള്‍) എന്നിവരുടെ പിന്തുണ ലഭിക്കാനും വിജയ് നീക്കം നടത്തി. മുസ്ലിംലീഗ് എംഎല്‍എമാരുടെ പിന്തുണ തേടിയെങ്കിലും ലീഗ് എംഎല്‍എമാര്‍ സ്റ്റാലിനൊപ്പം നില്‍ക്കുമെന്ന് വ്യക്മാക്കി. എന്നാല്‍ വോട്ടെടുപ്പില്‍ നിന്ന് ഡി.എം.കെ വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.







