
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിയായ ഡോ. എംകെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിനോട് നിലപാട് തേടി ഹൈക്കോടതി. മെയ് 15നകം പൊലീസ് മറുപടി നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധമില്ലെന്നും കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും ഡോ. റാം മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ഹൈക്കോടതിയിൽ എത്തിയത്.
അതേസമയം സംഭവത്തിന് പിന്നാലെ ഒളിവിൽപോയ റാമിനെ ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ റാമിന്റെ മുൻകൂർജാമ്യം പൊലീസ് എതിർക്കാനാണ് കൂടുതൽ സാധ്യത. അഡ്വ. എസ് രാജീവാണ് ഡോ. എംകെ റാമിനായി ഹൈക്കോടതിയിൽ ഹാജരാക്കുക. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് എം കെ റാമിനെ അഞ്ചരക്കണ്ടി കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കൂടാതെ അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.






