
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവം ഇനി അക്കാദമിക് പഠനത്തിന്റെ ഭാഗമാകുന്നു.
ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളിലൊന്നായ ബറോഡയിലെ മഹാരാജ സായാജിറാവു സർവകലാശാലയാണ് മോദിയുടെ നേതൃത്വ തത്വശാസ്ത്രത്തെക്കുറിച്ച് പുതിയ സോഷ്യോളജി മോഡ്യൂള്‍ അവതരിപ്പിച്ചത്.
രണ്ട് വർഷത്തെ മാസ്റ്റർ പ്രോഗ്രാമിന്റെ ഭാഗമായ ഈ കോഴ്സിന് ‘സോഷ്യോളജി ഓഫ് പേട്രിയോട്ടിസം’ (ദേശസ്നേഹത്തിന്റെ സാമൂഹികശാസ്ത്രം) എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ഈ പഠനപദ്ധതിയുടെ പ്രധാന ഭാഗം ‘മോദി തത്വ’ ആണ്. പ്രധാനമന്ത്രിയുടെ ‘കരിസ്മാറ്റിക്’ ആയ നേതൃത്വവും അത് സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനവുമാണ് ഇതില്‍ ചർച്ച ചെയ്യുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യോളജി ബി എ, എം എ ക്ലാസുകളിലാണ് ഇത് പഠിപ്പിക്കുക. നിലവിലുള്ള സോഷ്യോളജിക്കല്‍ ചട്ടക്കൂടുകള്‍ ഉപയോഗിച്ച് നേതൃത്വത്തെ വിശകലനം ചെയ്യുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യമെന്ന് സോഷ്യോളജി വിഭാഗം മേധാവി വീരേന്ദ്ര സിംഗ് പറഞ്ഞു.
പ്രമുഖ സാമൂഹികശാസ്ത്രജ്ഞൻ മാക്സ് വെബറിന്റെ ‘കരിസ്മാറ്റിക് അതോറിറ്റി’ എന്ന സങ്കല്പം മുൻനിർത്തിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. മഹാത്മാഗാന്ധി, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ തുടങ്ങിയവരെ പഠിക്കുന്ന അതേ ഗൗരവത്തോടെയാണ് നരേന്ദ്ര മോദിയെയും ഒരു അക്കാദമിക് വിഷയമായി സമീപിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.







