Spread the love

ഡല്‍ഹി: രാജ്യത്ത് ഈ മാസത്തില്‍ സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്.

video
play-sharp-fill

മെയ് മാസത്തില്‍ ദീർഘകാല ശരാശരിയുടെ 110 ശതമാനത്തിലധികം മഴ ലഭിക്കാമെന്നാണ് പ്രവചനം. കടുത്ത ചൂടില്‍ വലയുന്ന പല സംസ്ഥാനങ്ങള്‍ക്കും വേനല്‍മഴ വലിയ ആശ്വാസമാകുമെന്നാണു വിലയിരുത്തല്‍.

1971 മുതല്‍ 2020 വരെയുള്ള കണക്കുകള്‍ പ്രകാരം മേയ് മാസത്തിലെ ശരാശരി മഴ 64.1 മില്ലിമീറ്ററാണ്. ഇത്തവണ അതിനെക്കാള്‍ കൂടുതലായി മഴ ലഭിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. മേയ് 5 വരെ പശ്ചിമ ബംഗാള്‍, സിക്കിം, വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശാനും ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ട്.

അതേസമയം, വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മധ്യ ഇന്ത്യയിലും നാളെയോടെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്.
കിഴക്കൻ ഇന്ത്യയിലെ ചില മേഖലകളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാകട്ടെ സാധാരണയേക്കാള്‍ കുറവ് മഴ ലഭിക്കാമെന്നാണ് വിലയിരുത്തല്‍.

രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പകല്‍ താപനില സാധാരണ നിരക്കിലോ അതില്‍ താഴെയോ തുടരുമെന്നും റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍ ഗുജറാത്ത്, മഹാരാഷ്ട്ര, കിഴക്കൻ തീരപ്രദേശങ്ങള്‍, ഹിമാലയൻ താഴ്‌വരകള്‍ എന്നിവിടങ്ങളില്‍ ഉഷ്ണതരംഗ ദിനങ്ങള്‍ വർധിക്കാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

അതിതീവ്ര മഴ കുറഞ്ഞ സമയത്തിനുള്ളില്‍ പെയ്യാൻ സാധ്യതയുള്ളതിനാല്‍ നഗരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും കൃഷിനാശത്തിനും സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരുകളും പൊതുജനങ്ങളും പ്രാദേശിക കാലാവസ്ഥ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്നും നിർദ്ദേശം നല്‍കിയിട്ടുണ്ട്.