
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 57 ദിവസത്തെ ഇടവേളയ്ക്ക് ശേഷം, ജസീറ എയര്‍വേയ്സ് നേരിട്ടുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ വീണ്ടും ആരംഭിച്ചു. ടെര്‍മിനല്‍ 5 (T5)ല്‍ നിന്നുള്ള സര്‍വീസുകളുടെ പുനരാരംഭം രാജ്യത്തിന്റെ വ്യോമഗതാഗത മേഖലയിലെ പുനരുജ്ജീവനത്തിന് നിര്‍ണായകമായി മാറും. ആദ്യ ഘട്ടത്തില്‍ ബെയ്റൂട്ട്, കെയ്റോ, ഇസ്താംബൂള്‍, മുംബൈ എന്നിവിടങ്ങളിലേക്ക് ആകെ ആറു സര്‍വീസുകളാണ് നടത്തിയത്. രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെ നടന്ന സര്‍വീസുകളില്‍ 2000-ത്തിലധികം പേര് സുരക്ഷിതമായി യാത്ര ചെയ്തു . കുവൈറ്റ് ഡിജിസിഎയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് സര്‍വീസുകള്‍ നടത്തിയത്.
പരിമിത സമയങ്ങളില്‍ ടെര്‍മിനല്‍ 5ല്‍ നിന്ന് സര്‍വീസ് നടത്തുന്നതിനൊപ്പം, മിശ്രിഫിലെ ഇന്റര്‍നാഷണല്‍ ഫെയര്‍ഗ്രൗണ്ട്സ് (ഹാള്‍ നമ്പര്‍ 8) വഴി ഡമ്മാം വഴിയുള്ള മറ്റ് സര്‍വീസുകളും തുടരും. മെയ് 2 വരെ ബെയ്റൂട്ട്, കെയ്റോ, ഇസ്താംബൂള്‍, മുംബൈ, അമ്മാന്, ഡമാസ്കസ്, ഡല്‍ഹി, കൊച്ചി, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് ആകെ 48 സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ ജസീറ എയര്‍വേയ്സ് വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, അല്ലെങ്കില്‍ കസ്റ്റമര്‍ കെയര്‍ സേവനങ്ങള്‍ ഉപയോഗിക്കാം.






