
കൊല്ലം: പേഴ്സണൽ ലോൺ ലഭ്യമാക്കാമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകി നിരവധി പേരെ കബളിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ശ്രീകാര്യം വികാസ് നഗറിലെ അശ്വതി ഭവനിൽ രഞ്ജിത്താണ് പിടിയിലായത്. വാട്ട്സ്ആപ്പ് വഴി ലോൺ ഒരുക്കാമെന്ന പേരിൽ ആളുകളുമായി ബന്ധപ്പെടുകയും, അവരുടെ വിശ്വാസം നേടിയെടുത്ത ശേഷം ആവശ്യമായ രേഖകൾ കൈക്കലാക്കുകയും ചെയ്തായിരുന്നു തട്ടിപ്പ്.
പരസ്യം ശ്രദ്ധയിൽപ്പെട്ട വീട്ടമ്മമാരാണ് പ്രധാനമായും തട്ടിപ്പിന് ഇരയായത്. സിബിൽ സ്കോർ പരിശോധിച്ച് ലോൺ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച പ്രതി, പിന്നീട് കൊല്ലം പള്ളിമുക്ക് പ്രദേശത്തെ ഹോം അപ്ലയൻസ് ഷോറൂമുകളിലേക്ക് ഇവരെ എത്തിച്ചു. അവിടെ ഫിനാൻസ് സൗകര്യത്തിലൂടെ മൊബൈൽ ഫോണുകൾ, എസി, ഫ്രിഡ്ജ് തുടങ്ങിയ വില കൂടിയ ഉപകരണങ്ങൾ അവരുടെ പേരിൽ വാങ്ങിപ്പിച്ചു. ഈ സാധനങ്ങൾ വിറ്റ് പണം നൽകാമെന്ന വ്യാജേന പ്രതി ഉറപ്പുനൽകുകയായിരുന്നു.
എന്നാൽ, പിന്നീട് ബാങ്കുകളിൽ നിന്ന് ഇഎംഐ സംബന്ധിച്ച വിളികൾ എത്തിയതോടെയാണ് തട്ടിപ്പിന് ഇരയായ വിവരം പുറത്ത് വന്നത്. കൊല്ലം മീനാട്, അഞ്ചൽ വിളക്കുപാറ സ്വദേശിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരവിപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിവിധ പേരുകളിലും വിലാസങ്ങളിലും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തന്ത്രപൂർവ്വം പിടികൂടിയ പൊലീസ്, തട്ടിപ്പിന് ഉപയോഗിച്ച ഫോൺ, സിം കാർഡ് എന്നിവയും പിടിച്ചെടുത്തു. മറ്റ് കേസുകളുമായി ബന്ധമുണ്ടോ എന്നതടക്കം അന്വേഷണം തുടരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







