
കുമരകം: മധ്യവേനലവധി സീസണിൽ വലിയ പ്രതീക്ഷയോടെ മുന്നോട്ടുപോയ കായൽ ടൂറിസം മേഖല ഈ വർഷം വൻ തിരിച്ചടിയാണ് നേരിടുന്നത്. വേമ്പനാട്ടുകായലിലെ അസഹനീയമായ ചൂട് കാരണം കുമരകത്തേക്കും ആലപ്പുഴയിലേക്കും എത്തുന്ന വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞു. ഇതോടെ ഹൗസ്ബോട്ട് ബുക്കിംഗിലും വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്.
സാധാരണയായി ശനി, ഞായർ ദിവസങ്ങളിൽ തിരക്കേറിയിരുന്ന കുമരകവും ആലപ്പുഴയും ഇപ്പോൾ നിശ്ശബ്ദാവസ്ഥയിലാണ്. ചൂട് ഒഴിവാക്കാൻ വിനോദസഞ്ചാരികൾ ഇടുക്കി പോലുള്ള ഹൈറേഞ്ച് മേഖലകളിലേക്കാണ് കൂടുതൽ തിരിയുന്നത്. വരും ദിവസങ്ങളിലും താപനില കുറഞ്ഞില്ലെങ്കിൽ ടൂറിസം രംഗം കൂടുതൽ പ്രതിസന്ധിയിലാകും എന്ന് മേഖലയിലെ പ്രവർത്തകർ ആശങ്കപ്പെടുന്നു.
കുമരകത്ത് 100-ലധികവും ആലപ്പുഴയിൽ ആയിരത്തോളം ഹൗസ്ബോട്ടുകളും അനവധി ശിക്കാര വള്ളങ്ങളും സ്പീഡ് ബോട്ടുകളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ പല ബോട്ടുകളും ഓട്ടമില്ലാതെ തീരങ്ങളിൽ കെട്ടിയിടപ്പെട്ടിരിക്കുകയാണ്. ടൂറിസം മേഖലയിലെ ഈ മന്ദഗതി തൊഴിലാളികളുടെ ജീവിതത്തെയും പ്രാദേശിക സമ്പദ്വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുകയാണ്. വാണിജ്യ സിലണ്ടറുകളുടെ ലഭ്യതക്കുറവും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







