Spread the love

മുംബയ് : ഐ.പി.എൽ മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ 103 റൺസിന് തകർത്തുവിട്ട് ചെന്നൈ സൂപ്പർ കിംഗ്സ്.

video
play-sharp-fill

വാങ്കഡേ സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്‌ടത്തിൽ 207 റൺസടിച്ചു. മുംബയ്‌യുടെ മറുപടി 19 ഓവറിൽ 104 റൺസിൽ അവസാനിച്ചു.

ഓപ്പണറായിറങ്ങി അവസാന പന്തുവരെ ക്രീസിൽ നിന്ന് 54 പന്തുകൾ നേരിട്ട സഞ്ജു 10 ഫോറുകളുടേയും ആറ് സിക്സുകളു‌‌ടേയും അകമ്പടിയോടെയാണ് തന്റെ ഐ.പി.എൽ കരിയറിലെ അഞ്ചാം സെഞ്ച്വറി നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോസ് നേടിയ മുംബയ് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ ചെന്നൈയെ ബാറ്റിംഗിനിറക്കുകയായിരുന്നു. ആദ്യ ഓവർ എറിഞ്ഞ ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റ് നൽകാതിരിക്കാൻ ശ്രദ്ധിച്ചാണ് സഞ്ജു കളിച്ചത്. ഏഴു റൺസാണ് ചെന്നൈ ആദ്യ ഓവറിൽ നേടിയത്.

രണ്ടാം ഓവറിൽ ഹാർദിക്കിന് എതിരെ റുതുരാജ് 19 റൺസാണ് നേടിയത്. പക്ഷേ മൂന്നാം ഓവറിൽ ഗസൻഫറിന് മുന്നിൽ റുതുരാജ് വീണു. 14 പന്തുകളിൽ മൂന്നുഫോറും ഒരു സിക്സും പറത്തി 22 റൺസ് നേടിയ ചെന്നൈ നായകനെ തിലക് വർമ്മയാണ് പിടികൂടിയത്.

തുടർന്ന് സർഫറാസ് ഖാനെ കൂട്ടുനിറുത്തി സഞ്ജു പോരാട്ടം തുടർന്നു. ഹാർദിക് എറിഞ്ഞ നാലാം ഓവറിൽ തുടർച്ചയായി മൂന്ന് ഫോറും ഒരു സിക്സുമാണ് സഞ്ജു പായിച്ചത്.

ഈ ഓവറിലും ഹാർദിക് 19 റൺസ് വഴങ്ങി. അഞ്ചാം ഓവറിൽ ബുംറയ്ക്ക് എതിരെയും സഞ്ജു സിക്സ് പറത്തി. ആറാം ഓവറിൽ മിച്ചൽ സാന്റ്നർ സർഫറാസിനെ (14) കൂടാരം കയറ്റി. സ്വീപ് ഷോട്ടിന് ശ്രമിച്ച സർഫറാസിന്റെ ലെഗ് സ്റ്റംപാണ് സാന്റ്നർ തെറുപ്പിച്ചത്.

തുടർന്ന് സഞ്ജുവും ശിവം ദുബെയും (5) ചേർന്ന് എട്ടോവറിൽ 91/2 എന്ന നിലയിലേക്ക് എത്തിച്ചു. ഒൻപതാം ഓവറിന്റെ ആദ്യ പന്തിൽ ദുബെയെ ബൗൾഡാക്കി ഗസൻഫർ മുംബയ്ക്ക് വീണ്ടും ആവേശം നൽകി. എന്നാൽ സഞ്ജു ക്രീസിലുണ്ടായിരുന്നതായിരുന്നു ചെന്നൈ ആരാധകരുടെ ആശ്വാസം.

ആദ്യ പത്തോവറിൽ 111/3 എന്ന നിലയിലായിരുന്നു ചെന്നൈ. 11-ാം ഓവറിൽ അശ്വനി കുമാറിനെ ബൗണ്ടറിയിലേക്ക് പായിച്ച് സഞ്ജു അർദ്ധസെഞ്ച്വറി തികച്ചു. നേരിട്ട 26-ാമത്തെ പന്തിലായിരുന്നു സഞ്ജുവിന്റെ അർദ്ധസെഞ്ച്വറി.

എന്നാൽ ഇതേ ഓവറിൽ ഡെവാൾഡ് ബ്രെവിസിനെ (21) അശ്വനി ബുംറയുടെ കയ്യിലെത്തിച്ചു. തുടർന്ന് കാർത്തിക് ശർമ്മയേയും (18) ജാമീ ഓവർട്ടണിനെയും (15) കൂടി ചെന്നൈയ്ക്ക് നഷ്‌ടമായെങ്കിലും അവസാന ഓവർവരെ സഞ്ജു ക്രീസിൽ നിന്നു.

അവസാന ഓവറിൽ സ്ട്രൈക്ക് കൈമാറാതെ രണ്ട് സിക്സടിച്ച സഞ്ജു അവസാന പന്തിൽ ഫോറടിച്ചാണ് സെഞ്ച്വറിയിലേക്കെത്തിയത്. ഏപ്രിൽ 11ന് ഡൽഹിക്ക് എതിരെയായിരുന്നു ഈ സീസണിലെ സഞ്ജുവിന്റെ ആദ്യ സെഞ്ച്വറി.

മറുപടിക്കിറങ്ങിയ മുംബയ്‌യെ നാലുവിക്കറ്റ് വീഴ്ത്തിയ അകീൽ ഹുസൈന്റെ നേതൃത്വത്തിലാണ് ചെന്നൈ എറിഞ്ഞിട്ടത്. നൂർ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി.

സൂര്യകുമാർ (35), തിലക് വർമ്മ (37) എന്നിവർക്ക് മാത്രമാണ് മുംബയ് നിരയിൽ രണ്ടക്കം കടക്കാനായത്.