
പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനുവേണ്ടി വോട്ടർമാരെ പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ച സംഭവത്തിൽ ജില്ലാ കളക്‌ടർ ഇന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിക്കും.
കണ്ണാടി പഞ്ചായത്തിലെ വോട്ടറായ വയോധികയ്‌ക്ക് പണം കൈമാറിയെന്ന് ആരോപിക്കുന്ന ദൃശ്യങ്ങളുടെ ശാസ്‌ത്രീയ പരിശോധനാഫലവും റിപ്പോർട്ടിനൊപ്പം സമർപ്പിക്കും. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ബിജെപി പണം നല്‍കി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന് കാണിക്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടത്.
കണ്ണാടി പഞ്ചായത്തിലെ തിരുവാക്കുറിശിയിലാണ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രവർത്തകരെത്തിയത്. ദേവു എന്ന വയോധികയ്‌ക്ക് ശോഭയ്‌ക്കൊപ്പം കാറില്‍ സഞ്ചരിച്ച യുവതി പണം നല്‍കിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. പണം ലഭിച്ചതായി വയോധിക ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് മാറ്റിപ്പറയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം കൈമാറിയത് ചോദ്യം ചെയ്‌തവരോട് ശോഭ സുരേന്ദ്രനും കൂടെയുണ്ടായിരുന്നവരും തട്ടിക്കയറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. എന്നാല്‍, തനിക്കൊപ്പം അങ്ങനൊരു സ്‌ത്രീ സഞ്ചരിച്ചിട്ടില്ലെന്നും വീഡിയോ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ശോഭയുടെ വാദം.
കാറിലുണ്ടായിരുന്നവർ തനിക്കെതിരെ ലൈംഗികചേഷ്‌ടകള്‍ കാണിച്ചതിനാലാണ് അവരോട് തട്ടികയറിയതെന്നായിരുന്നു ശോഭയുടെ വിശദീകരണം. ശോഭ പറഞ്ഞത് തെറ്റെന്ന് തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. പണം നല്‍കിയ സ്‌ത്രീ ശോഭയ്‌ക്കൊപ്പം വിവിധയിടങ്ങളില്‍ പ്രചാരണങ്ങളില്‍ പങ്കെടുക്കുന്നതും പ്രധാനമന്ത്രിയുടെ പാലക്കാട്ടെ പരിപാടിയുടെ ഭാഗമായതും ദൃശ്യങ്ങളിലുണ്ട്.







