
പാലക്കാട്: സംസ്ഥാനത്ത് താപനില റെക്കോർഡുകള്‍ ഭേദിച്ച് കനത്ത ചൂട് തുടരുന്നു.
പാലക്കാട് ജില്ലയില്‍ ഇന്നലെ രേഖപ്പെടുത്തിയത് 41.1 ഡിഗ്രി സെല്‍ഷ്യസ് റെക്കോർഡ് ചൂടാണ്.
2024 ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് താപനില 41 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ എത്തുന്നത്.
പാലക്കാടിന് പുറമെ പുനലൂരില്‍ 39.8 ഡിഗ്രി സെല്‍ഷ്യസും തൃശൂർ വെള്ളാണിക്കരയില്‍ 39.3 ഡിഗ്രി സെല്‍ഷ്യസും ഉയർന്ന താപനില രേഖപ്പെടുത്തി. വരും ദിവസങ്ങളിലും ചൂട് ഇതേ നിലയില്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്ത രണ്ട് ദിവസം കൂടി സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ചൂട് വർധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം, ഉയർന്ന ചൂടിനിടയിലും സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്നത് നേരിയ ആശ്വാസം പകരുന്നു. വടക്കൻ കേരളത്തിലും മലയോര മേഖലകളിലുമാണ് മഴയ്ക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പും മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.









